മൈക്ക് ഓപ്പറേറ്ററെ അപമാനിച്ച സംഭവം; എം.വി.ഗോവിന്ദനെതിരെ പ്രതിഷേധവുമായി ലൈറ്റ് ആൻഡ് സൗണ്ട് അസോസിയേഷൻ

Wednesday, March 8, 2023

തൃശൂർ:  സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെതിരെ പ്രതിഷേധവുമായി ലൈറ്റ് ആൻഡ് സൗണ്ട് അസോസിയേഷൻ. മാളയിൽ ജനകീയ പ്രതിരോധ ജാഥയിൽ പ്രസംഗിക്കുന്നതിനിടെ മൈക്ക് ഓപ്പറേറ്ററായ യുവാവിനെ എം.വി.ഗോവിന്ദന്‍ പരസ്യമായി ശാസിച്ച സംഭവത്തിലാണ് പ്രതിഷേധം.

“ഇത്രയും ജനങ്ങളുടെ മുന്നിൽവച്ച് അപമാനിക്കുക എന്നത് വേദനാജകമാണ്. അദ്ദേഹം അറിവുള്ളവനാണ്. എന്നാല്‍ മൈക്ക് ബാലൻസ് അറിയാത്തതിലാണ് പ്രശ്നമെന്നും  ലൈറ്റ് ആൻഡ് സൗണ്ട് അസോസിയേഷൻ പ്രസിഡന്‍റ്  കെ.ആർ.റാഫി മാധ്യമങ്ങളോട് പറഞ്ഞു.

വളരെ സൌമ്യതയോടെ കാര്യം പറയാമായിരുന്നു. അല്ലെങ്കില്‍ പരിപാടിക്ക് ശേഷം പറഞ്ഞാലും മതിയായിരുന്നുവെന്നും ഭാരവാഹികള്‍ തൃശ്ശൂരില്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ്  മൈക്കിനോട് ചേർന്നുനിന്നു സംസാരിക്കാൻ ആവശ്യപ്പെട്ട  യുവാവിനെ എം.വി.ഗോവിന്ദൻ  പരസ്യമായി ശാസിച്ചത്.  ‘നിന്‍റെ  മൈക്കിന്‍റെ  തകരാറിനു ഞാനാണോ ഉത്തരവാദി’ എന്നു ചോദിച്ച ഗോവിന്ദൻ, മൈക്ക് ഓപ്പറേറ്ററെ വേദിയിൽ നിന്ന് ഇറക്കിവിടുകയായിരുന്നു.

എന്നാല്‍ സംഭവം വിവാദമായതോടെ താന്‍ മൈക്ക് ഓപ്പറേറ്ററോട് തട്ടിക്കയറിയിട്ടില്ലെന്നും ക്ലാസെടുത്തതാണെന്നും ഗോവിന്ദൻ ന്യായീകരിച്ചിരുന്നു.