ആലപ്പുഴയില്‍ നവജാതശിശുവിനെ കുഴിച്ചുമൂടിയ സംഭവം; കൊലപാതകമോ എന്ന് അന്വേഷിക്കാന്‍ പോലീസ്

Jaihind Webdesk
Tuesday, August 13, 2024

 

ആലപ്പുഴ: ചേർത്തല പാണാവള്ളിയില്‍ അവിവാഹിത പ്രസവിച്ച കുഞ്ഞിനെ കുഴിച്ചുമൂടിയ സംഭവത്തിൽ ഉള്‍പ്പെട്ട മൂന്നുപേരും അറസ്റ്റിൽ. പാണാവള്ളി പഞ്ചായത്ത് 13-ാം വാർഡ് ആനമൂട്ടിൽച്ചിറ ഡോണാ ജോജി (22), കാമുകൻ തകഴി വിരുപ്പാല രണ്ടുപറ പുത്തൻപറമ്പ് തോമസ് ജോസഫ് (24), ഇയാളുടെ സുഹൃത്ത് തകഴി കുന്നുമ്മ ജോസഫ് ഭവനിൽ അശോക് ജോസഫ് (30) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ഡോണ തല്‍ക്കാലം ആശുപത്രിയിൽ തുടരും. മറ്റു രണ്ടുപ്രതികളെ ആലപ്പുഴ സബ് ജയിലിലേക്കു മാറ്റി.

കുഞ്ഞിന്‍റെ മൃതദേഹം തകഴി കുന്നുമ്മയിൽ പാടശേഖരത്തിന്‍റെ പുറം ബണ്ടിൽ കുഴിച്ചിട്ട നിലയിലാണ് കണ്ടെത്തിയത്. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനുശേഷം യുവതിയുടെ ബന്ധുക്കൾ തിങ്കളാഴ്ച മൃതദേഹം ഏറ്റുവാങ്ങി വലിയചുടുകാട് ശ്മശാനത്തിൽ സംസ്കരിച്ചു. കഴിഞ്ഞ ഏഴിനു പുലർച്ചെ ഒന്നരയ്ക്ക് വീട്ടിൽവെച്ചാണ് ഡോണ പെൺകുഞ്ഞിനെ പ്രസവിച്ചത്. അതേസമയം കുഞ്ഞ് എങ്ങനെ മരിച്ചുവെന്നതിൽ വ്യക്തത വന്നില്ല. കുഞ്ഞ് ആദ്യം കരഞ്ഞുവെന്നും പിന്നീട് അനക്കമില്ലാതായെന്നുമാണ് യുവതി പോലീസിനോടു പറഞ്ഞത്. കുഞ്ഞു ജനിച്ചപ്പോൾ കരഞ്ഞിരുന്നെന്നു യുവതി തന്നോട് പറഞ്ഞിരുന്നതായി യുവതിയെ ചികിത്സിക്കുന്ന ഡോക്ടറും മൊഴി നൽകി. ഇതിന്‍റെ അടിസ്ഥാനത്തിൽ മരണം കൊലപാതകമാണോ എന്ന് പോലീസ് പരിശോധിച്ചു വരികയാണ്. കൊണ്ടുപോകുമ്പോൾ കുഞ്ഞിന് ജീവനില്ലായിരുന്നുവെന്നാണ് മറ്റു രണ്ടു പ്രതികളും മൊഴി നല്‍കിയത്. ഇക്കാര്യത്തിൽ വ്യക്തത വരുത്തേണ്ടതുണ്ട്. പ്രസവശേഷം കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സതേടിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. കുഞ്ഞിനെ കാമുകൻ അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ചെന്നാണ് ഇവർ പറഞ്ഞത്. ഇതു തെറ്റാണെന്ന് പോലീസ് അന്വേഷണത്തിൽ തെളിഞ്ഞു. അതോടെയാണ് കാമുകനെയും സുഹൃത്തിനെയും കസ്റ്റഡിയിലെടുത്തത്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.

ഭാരതീയ ന്യായസംഹിത 93, 3 (5), 91, 94, 258 വകുപ്പുകൾ, ജുവനൈൽ ജസ്റ്റിസ് (കെയർ ആൻഡ് പ്രൊട്ടക്‌ഷൻ ഓഫ് ചിൽഡ്രൻ) ആക്ട് എന്നിവ പ്രകാരമാണു കേസ്. 12 വയസിൽ താഴെയുള്ള കുഞ്ഞുങ്ങളെ അച്ഛനുമമ്മയും ചേർന്ന് ഉപേക്ഷിക്കുക, ഇതിന് മറ്റുള്ളവരുടെ സഹായം തേടുക തുടങ്ങിയവയ്ക്കെതിരേയുള്ള വകുപ്പുകളാണു ചേർത്തിരിക്കുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിവരപ്രകാരം വകുപ്പുകൾ കൂട്ടിച്ചേർക്കും.