ഉദ്ഘാടകയായ സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എത്താൻ വൈകി; ജി. സുധാകരൻ പൊതുപരിപാടിയിൽനിന്ന് പിണങ്ങിപ്പോയി

Jaihind Webdesk
Saturday, June 15, 2024

 

ആലപ്പുഴ:  പരിപാടി തുടങ്ങാൻ വൈകിയതിന്‍റെ പേരില്‍ മുതിര്‍ന്ന സിപിഎം നേതാവ് ജി. സുധാകരൻ വേദിയില്‍ നിന്ന് ക്ഷോഭിച്ച് ഇറങ്ങിപ്പോയി. ഇന്ന് രാവിലെ ആലപ്പുഴയില്‍ നടക്കാനിരുന്ന സിബിസി വാര്യര്‍ സ്മൃതി പരിപാടിയിലാണ് സംഭവം. പുരസ്കാര സമര്‍പ്പണത്തിനായാണ് ജി. സുധാകരൻ എത്തിയത്. പത്ത് മണിക്ക് തുടങ്ങേണ്ട പരിപാടി പതിനൊന്ന് മണിയായിട്ടും തുടങ്ങാത്തതില്‍ ക്ഷോഭിച്ചുകൊണ്ടാണ് ജി. സുധാകരൻ പരിപാടിയില്‍ പങ്കെടുക്കാതെ ഇറങ്ങിപ്പോയത്.

പത്തരയായിട്ടും ഉദ്ഘാടകയായ സിപിഎം കേന്ദ്ര കമ്മിറ്റിയംഗം സി.എസ്. സുജാത എത്തിയില്ല. അപ്പോഴേക്കും ചാരുംമൂട്ടിൽ ഒരു പരിപാാടിയിൽ പങ്കെടുക്കാനുണ്ടെന്ന് അറിയിച്ച് സുധാകരൻ തിരികെ പോയി. സിബിസി വാരിയർ അവാർഡ് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിക്കു സമ്മാനിക്കുകയായിരുന്നു സുധാകരന്‍റെ ചുമതല. വിദ്യാഭ്യാസ അവാർഡുകൾ സമ്മാനിക്കേണ്ട മന്ത്രി സജി ചെറിയാനും ചടങ്ങിന് എത്തിയില്ല. അധ്യക്ഷനാകേണ്ട സിപിഎം ജില്ലാ സെക്രട്ടറി ആർ. നാസറും സമയത്ത് എത്തിയിരുന്നില്ല.