പോക്‌സോ കേസ് പ്രതിക്ക് ജാമ്യം. വര്‍ഷങ്ങളോളം പീഡിപ്പിച്ച പെണ്‍കുട്ടിയെ വിവാഹം കഴിക്കാനാണ് പോക്‌സോ കേസ് പ്രതിക്ക് ഒറീസ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. 16 വയസ് മുതല്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടി പ്രതിയുടെ നിര്‍ബന്ധത്തിനു വഴങ്ങി രണ്ടു വട്ടം ഗര്‍ഭഛിദ്രവും നടത്തി. പെണ്‍കുട്ടിയുടെ പരാതിയിലാണ് യുവാവിനെ പോക്‌സോ കോടതി ശിക്ഷിച്ചത്. ഇപ്പോള്‍ പെണ്‍കുട്ടിയുടെ പ്രായം 22 ആണ്.
എന്നാല്‍ ഇപ്പോള്‍ മാനസാന്തരം വന്ന പ്രതി അതിജീവിതയെ വിവാഹം കഴിക്കണമെന്ന് പറഞ്ഞ് കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇരു കുടുംബങ്ങള്‍ക്കും വിവാഹത്തിന് സമ്മതമാണെന്നും പ്രതി കോടതിയെ അറിയിച്ചിട്ടുണ്ട്. വിവാഹത്തിനായി ഇടക്കാല ജാമ്യം അനുവദിക്കണമെന്നാണ് പ്രതിയുടെ ആവശ്യം. ഇയാളുടെ ആവശ്യം കോടതി അംഗീകരിക്കുകയും ചെയ്തു. നിയമപരമായി ഗൗരവമുള്ള ആരോപണങ്ങളായിരുന്നു പ്രതിക്കു നേരെ ഉണ്ടായിരുന്നത്. എങ്കിലും പ്രതിയും ഇരയും തമ്മില്‍ വ്യക്തിപരമായ ബന്ധം പങ്കിട്ടു എന്നത് പരിഗണിക്കുന്നുവെന്ന് വ്യക്തമാക്കിയാണ് കോടതി ജാമ്യം നല്‍കിയത്. ഇരുവരുടെയും പ്രായവും കുടുംബങ്ങള്‍ തമ്മിലുള്ള ധാരണയും പരിഗണിക്കുന്നുവെന്നും കോടതി കൂട്ടിച്ചേര്‍ത്തു.