തൃശ്ശൂര്‍: കനത്ത മഴയില്‍ തൃശ്ശൂര്‍ കോര്‍പറേഷന്‍ കെട്ടിടത്തിന്റെ കൂറ്റന്‍ ഇരുമ്പ് മേല്‍ക്കൂര തകര്‍ന്ന് താഴെ റോഡില്‍ പതിച്ചു. കനത്ത മഴയെ തുടര്‍ന്ന് ആളുകളും വാഹനങ്ങളും റോഡില്‍ ഉണ്ടായിരു്ന്നില്ല. അതിനാല്‍ അത്യാഹിതം ഒഴിവായി . ഇതോടെ എംഒ റോഡില്‍ ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു. കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള ഒരു അഞ്ചുനില കെട്ടിടത്തിന്റെ മേല്‍ക്കൂരയ്ക്ക് മുകളില്‍ സ്ഥാപിച്ചിരുന്ന റൂഫ് വര്‍ക്കാണ് കനത്ത കാറ്റില്‍ അപ്പാടെ മറിഞ്ഞ് നഗരത്തിലെ പ്രധാന റോഡിലേക്ക് വീണത്. .
നഗരത്തിലെ ഏറ്റവും കൂടുതല്‍ വാഹനങ്ങളും മറ്റും കടന്നുപോകുന്ന പാതയിലാണ് അപകടം ഉണ്ടായത്. തൃശൂര്‍ കോര്‍പ്പറേഷന് മുന്നിലെ മുന്‍സിപ്പല്‍ ബസ്സ് സ്റ്റാന്‍ഡിന് സമീപത്ത് സാധാരണ വലിയ ജനത്തിരക്കും ഗതാഗത തിരക്കും അനുഭവപ്പെടുന്ന സ്ഥലത്തു തന്നെയാണ് അപകടം നടന്നത്. രണ്ട് ഓട്ടോറിക്ഷകള്‍ രക്ഷപ്പെട്ടത് തലനാരിഴക്കാണ്. മേല്‍ക്കൂര മാറ്റാന്‍ ഫയര്‍ഫോഴ്‌സ് നടപടി തുടങ്ങി.