ഇരട്ടവോട്ട്; ഇലക്ഷൻ കമ്മീഷനോട് ഹൈക്കോടതി വിശദീകരണം തേടി

Jaihind Webdesk
Saturday, April 20, 2024

ആലപ്പുഴ:  ആലപ്പുഴ പാർലമെന്‍റ് മണ്ഡലത്തിലെ ഇരട്ട വോട്ടുകളിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് ഹൈക്കോടതിയെ സമീപിച്ചു. ആലപ്പുഴ പാർലമെന്‍റ് മണ്ഡലത്തിൽ മാത്രം 35000 ത്തോളം ഇരട്ട വോട്ടുകൾ ഉള്ളതായി യുഡിഎഫ് പരാതിപ്പെട്ടു . ഇതിൽ യുഡിഎഫ് ബൂത്ത് തലത്തിൽ നടത്തിയ പരിശോധനയിൽ 711 ഓളം ഒരേ വോട്ടർ ഐഡി കാർഡുള്ള വോട്ടർമാർ ഉള്ളതായി തെളിവ് സഹിതം കണ്ടെത്തി. ഒന്നിലധികം വോട്ടർ ഐഡിയുള്ള ഇരട്ട വോട്ടുകൾ വിവിധ ബൂത്തുകളിലായിട്ടാണ് കണ്ടെത്തിയത്. ഇക്കാര്യം കൃത്യമായ രേഖകളിലൂടെ കോടതിയെ ബോധ്യപ്പെടുത്തി.

യുഡിഎഫിന്‍റെ ആരോപണത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയ ഹൈക്കോടതി പരാതി ഫയലിൽ സ്വീകരിക്കുകയും ഇലക്ഷൻ കമ്മീഷനോട് വിശദീകരണം ചോദിക്കുകയും ചെയ്തു. ഇരട്ട വോട്ടുകൾ ഒരു കാരണവശാലും രേഖപ്പെടുത്താതിരിക്കാനുള്ള ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ഹർജിയിലൂടെ യുഡിഎഫ് ആവശ്യപ്പെട്ടു. ഇരട്ട വോട്ടുകൾ സംബന്ധിച്ച് നേരത്തെ കളക്ടർക്ക് പരാതി നൽകിയിരുന്നു. യുഡിഎഫിന്‍റെ ചീഫ് ഇലക്ഷൻ ഏജന്‍റ് എം.ലിജുവാണ് സ്ഥാനാർത്ഥി കെസി വേണുഗോപാലിന് വേണ്ടി ഹൈക്കോടതിയെ സമീപിച്ചത്.