സെക്യൂരിറ്റി ജീവനക്കാരനെ വണ്ടിയിടിച്ച് കൊലപ്പെടുത്തിയ കേസ്; ജീവപര്യന്തം റദ്ദാക്കണമെന്ന നിഷാമിന്‍റെ ഹർജി ഹൈക്കോടതി തള്ളി

Jaihind Webdesk
Friday, September 16, 2022

 

തൃശൂർ: സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ വണ്ടിയിടിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിയായ വ്യവസായി മുഹമ്മദ് നിഷാം നല്‍കിയ അപ്പീല്‍ ഹര്‍ജി ഹൈക്കോടതി തള്ളി. തൃശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയുടെ ശിക്ഷാ വിധി ചോദ്യം ചെയ്ത് മുഹമ്മദ് നിഷാം നല്‍കിയ അപ്പീലാണ് ഹൈക്കോടതി തള്ളിയത്.

അതേസമയം അപൂര്‍വങ്ങളില്‍ അപൂര്‍വമായ കൊലപാതകമാണ് നിഷാം നടത്തിയതെന്നും ജീവപര്യന്തം തടവിന് പകരം പ്രതിക്ക് വധശിക്ഷ നല്‍കണമെന്നുമുള്ള സര്‍ക്കാരിന്‍റെ ആവശ്യം ഹൈക്കോടതി തള്ളി. വിചാരണ കോടതി വിധിയില്‍ ഇടപെടാന്‍ കാരണങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാരിന്‍റെ ഹര്‍ജി ഹൈക്കോടതി തള്ളിയത്. ചന്ദ്രബോസിനെ കൊല്ലാന്‍ നിഷാം ഉപയോഗിച്ച ആഢംബര കാറായ ഹമ്മർ വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് വാഹനത്തിന്‍റെ ഉടമ നല്‍കിയ ഹര്‍ജിയും ഹൈക്കോടതി തള്ളിയിട്ടുണ്ട്.