സർക്കാർ പൂഴ്ത്തിയ ഹേമ കമ്മീഷന്‍ റിപ്പോർട്ടിന് ഒടുവില്‍ ശാപമോക്ഷം; വിവാദമായേക്കാവുന്ന 62 പേജുകള്‍ ഒഴിവാക്കി ഇന്ന് പുറത്തുവിടും

Jaihind Webdesk
Wednesday, July 24, 2024

 

തിരുവനന്തപുരം: നീണ്ട നാലര വർഷം സർക്കാർ മുക്കിയ ഹേമ കമ്മീഷൻ റിപ്പോർട്ട് ഇന്ന് പുറത്തുവിടും.റിപ്പോർട്ടിലെ അറുപത്തിരണ്ട് പേജുകൾ ഒഴിവാക്കിയാകും ഒടുവിൽ സർക്കാർ റിപ്പോർട്ട് പുറത്തുവിടുന്നത്. വ്യക്തമായ കാരണമില്ലാതെ നാലര വർഷം സർക്കാർ മുക്കിയ റിപ്പോർട്ട് വിവരാവകാശ കമ്മീഷന്‍റെ ഉത്തരവിനെ തുടർന്നാണ് ഇന്ന് പുറത്തുവിടുന്നത്.

മലയാള സിനിമാ ലോകത്തെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ സംബന്ധിച്ചു പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടാണ് ഒടുവിൽ സർക്കാർ ഇന്ന് പുറത്തുവിടുന്നത്. റിപ്പോർട്ട് പുറത്തുവിടുമ്പോൾ സ്വകാര്യത ഹനിക്കുന്ന ഭാഗങ്ങൾ ഒഴിവാക്കാമെന്ന് വിവരാവകാശ കമ്മീഷൻ ഉത്തരവിൽ നിർദ്ദേശിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ 62 പേജ് ഒഴിവാക്കിയാകും സർക്കാർ
റിപ്പോർട്ട് പുറത്തു വിടുക. ആകെയുള്ള 295 പേജുകളിൽ 233 പേജുകളാണ് പുറത്തുവിടുന്നത്. റിപ്പോർട്ടിലെ ചില പേജുകൾ പൂർണമായി ഒഴിവാക്കുമ്പോൾ ചില പേജുകളിലെ ഖണ്ഡിക മാത്രമായും ഒഴിവാക്കുന്നുണ്ട്.

സാംസ്കാരിക വകുപ്പ് സെക്രട്ടറി രാജൻ ഖോബ്രഗഡെയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ഈ തീരുമാനം എടുത്തത്. ഒഴിവാക്കുന്ന പേജുകൾ നിയമവകുപ്പും പരിശോധിച്ചിരുന്നു. ഒഴിവാക്കിയ ഭാഗങ്ങൾ കൂടുതലും നടിമാരും സാങ്കേതിക പ്രവർത്തകരും ഉൾപ്പെടെ നൽകിയ മൊഴികളും പരാതികളുമാണെന്നാണ് സൂചന. ഇവർ കമ്മീഷനു മുന്നിൽ നൽകിയ മൊഴി പുറത്തു പോകരുതെന്ന് റിപ്പോർട്ട് സമർപ്പിക്കുമ്പോൾ ഹേമ കമ്മീഷനും നിർദ്ദേശിച്ചിരുന്നു. എന്നാൽ സിനിമാ മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരമാർഗങ്ങൾ നിർദേശിക്കാനായിട്ടാണ് മൊഴികളും പരാതികളും ഒപ്പം ചേർത്തതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

നടിയെ ആക്രമിച്ച കേസിന് പിന്നാലെയാണ് സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കുവാൻ ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജസ്റ്റിസ് ഹേമ അധ്യക്ഷയായ കമ്മീഷനെ സർക്കാർ നിയോഗിച്ചത്. ഈ മേഖലയിലെ തെറ്റായ പ്രവണതകളിലേക്കും വ്യക്തികളിലേക്കും റിപ്പോർട്ട് വിരൽ ചൂണ്ടിയതോടെ അവ്യക്തമായ കാരണങ്ങൾ പറഞ്ഞ് സർക്കാർ റിപ്പോർട്ട് മുക്കുകയായിരുന്നു. ഒടുവിൽ വിവരാവകാശ കമ്മീഷൻ ഉത്തരവിട്ടതോടെയാണ് റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ നിർബന്ധിതരായത്.