കോട്ടയം: സ്ഥാനക്കയറ്റം റദ്ദ് ചെയ്യണമെന്ന അപേക്ഷ തള്ളിയതിനെ തുടർന്ന് പ്രധാന അധ്യാപിക ആത്മഹത്യ ചെയ്തു. വൈക്കം പോളശേരി ഗവ.എല്‍പി സ്‌കൂളിലെ പ്രധാനാധ്യാപിക മാളിയേക്കല്‍ പുത്തന്‍തറയില്‍ കെ.ശ്രീജയെ (48)യാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജോലിഭാരം മൂലമുണ്ടായ മാനസികസമ്മര്‍ദമാണ് ജീവനൊടുക്കാന്‍ കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു .
വൈക്കം ഗവ. ഗേള്‍സ് ഹൈസ്‌കൂളില്‍ അധ്യാപികയായിരുന്ന ശ്രീജയ്ക്ക് ജൂണ്‍ ഒന്നിനാണ് കീഴൂര്‍ ജിഎല്‍പിഎസില്‍ പ്രധാനാധ്യാപിക ആയി സ്ഥാനക്കയറ്റം ലഭിച്ചത്. ജോലിഭാരം താങ്ങാന്‍ കഴിയാത്തതിനാല്‍ സ്ഥാനക്കയറ്റം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസമന്ത്രിക്ക് നല്‍കിയ അപേക്ഷ നിരസിച്ചതില്‍ മനംനൊന്താണ് പ്രധാനാധ്യാപിക ജീവനൊടുക്കിയത്. സംഭവത്തില്‍ വൈക്കം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഭര്‍ത്താവ് രമേശ് കുമാര്‍ വൈക്കം മുന്‍സിഫ് കോടതി ജോലിക്കാരനാണ്. മകന്‍: കാര്‍ത്തിക്. ശ്രീജയുടെ സംസ്‌കാരം നടത്തി.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. നിങ്ങള്‍ ഒറ്റയ്ക്കല്ല. സഹായം തേടാം ഉടനെ. ദയവായി വിളിക്കൂ;
ദിശ ഹെല്‍പ്പ്‍ലൈന്‍ – 1056 (ടോള്‍ ഫ്രീ))