ബിജെപി നേതാക്കളുടെ വിധ്വേഷ പോസ്റ്റുകളിൽ അന്വേഷണം വേണം; ഫേസ്ബുക്ക് മേധാവിക്ക് കെ.സി വേണുഗോപാലിന്‍റെ കത്ത്

Jaihind News Bureau
Tuesday, August 18, 2020

 

ന്യൂഡല്‍ഹി: ബിജെപി നേതാക്കളുടെ വിധ്വേഷ പോസ്റ്റുകളിൽ അന്വേഷണം ആവശ്യപ്പെട്ട് സംഘടന കാര്യ ചുമതയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം പി ഫേസ്ബുക്ക് മേധാവിക്ക് കത്തയച്ചു. രണ്ട് മാസത്തിനകം അന്വേഷണ പൂർത്തിയാക്കി റിപ്പോർട്ട് പരസ്യപ്പെടുത്തണം എന്ന് അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു. അതിനിടെ ഫേസ്ബുക്ക് ഇന്ത്യയിലെ മാധ്യമ സ്ഥാപനങ്ങൾക്ക് സംഭാവനകൾ നൽകിയതായി കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി എം പി ആരോപിച്ചു. എന്തിന് വേണ്ടിയാണ് ഇത്തരത്തിൽ ഫണ്ട് നൽകിയത് എന്ന് ഫേസ്ബുക്ക് വ്യക്തമാക്കണം എന്ന് അദ്ദേഹം പറഞ്ഞു.

2014 മുതലുള്ള വിധ്വേഷ പ്രസംഗങ്ങൾ പരിശോധിക്കണം എന്നും കെ.സി വേണുഗോപാൽ എം പി അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു. മൂന്ന് ബിജെപി നേതാക്കളുടെ പോസ്റ്റുകൾ ചൂണ്ടിക്കാട്ടിയാണ് ആരോപണം ഉയർന്നിരിക്കുന്നത്. എന്നാൽ വിശദമായി പരിശോധിച്ചാൽ ഇത്തരത്തിലുള്ള നിരവധി പോസ്റ്റുകൾ ഫേസ്ബുക്കിൽ കാണാൻ കഴിയും. ആഭ്യന്തര അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കുന്നതുവരെ, അന്വേഷണത്തെ സ്വാധീനിക്കാതിരിക്കാൻ ഒരു പുതിയ ടീം ഫേസ്ബുക്ക് ഇന്ത്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് പരിഗണിക്കണം എന്നും കെ സി വേണുഗോപാൽ കത്തിൽ ആവശ്യപ്പെട്ടു.