സര്‍ക്കാരിനെ വെട്ടിലാക്കി ഗവര്‍ണര്‍; ‘അതീവ ഗൗരവമേറിയത്’, അൻവറിന്‍റെ വെളിപ്പെടുത്തലിൽ മുഖ്യമന്ത്രിയോട് റിപ്പോർട്ട് തേടി

Jaihind Webdesk
Wednesday, September 11, 2024

 

തിരുവനന്തപുരം: പി.വി. അന്‍വറിന്‍റെ ആരോപണങ്ങളില്‍ നിന്ന് തലയൂരാന്‍ ശ്രമിക്കുന്ന സര്‍ക്കാരിനെ കൂടുതല്‍ വെട്ടിലാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മന്ത്രിമാരുടെ ഉള്‍പ്പെടെ ഫോണ്‍ ചോര്‍ത്തല്‍ നടന്നെന്ന അന്‍വറിന്‍റെ ആരോപണത്തിലാണ് ഗവര്‍ണര്‍ ഇടപെട്ടിരിക്കുന്നത്. ഈ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനോട് ഗവര്‍ണര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

എഡിജിപി മന്ത്രിമാരുടേത് അടക്കം ഫോണ്‍ ചോര്‍ത്തുന്നുവെന്നായിരുന്നു അന്‍വറിന്‍റെ ആരോപണം. മന്ത്രിമാരുടെ ഫോണ്‍ ചോര്‍ത്തുന്നു എന്നത് ഗൗരവതരമാണെന്ന് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. താന്‍ പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തിയെന്ന് അന്‍വര്‍ തന്നെ തുറന്നുപറഞ്ഞതും ഗൗരവത്തോടെ കാണണമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. അന്‍വറിന്‍റെ ഫോണ്‍ ചോര്‍ത്തല്‍ ആരോപണങ്ങളിൽനിന്ന് ഒഴിഞ്ഞുമാറുകയാണ് ഇത്രനാളും സര്‍ക്കാര്‍വൃത്തങ്ങള്‍ ചെയ്തിരുന്നത്. അതിനിടെയാണ് അന്‍വറിന്‍റെ ആരോപണങ്ങള്‍ ആയുധമാക്കി ഗവര്‍ണര്‍ പുതിയ പോര്‍മുഖം തുറന്നിരിക്കുന്നത്.

പി.വി. അൻവർ എംഎൽഎയും ഒരു ഐപിഎസ് ഓഫീസറുമായുള്ള ഫോൺ സംഭാഷണത്തിന്‍റെ , എംഎൽഎ പുറത്തുവിട്ട ഓഡിയോ ക്ലിപ്പ് വളരെ ഗുരുതരമാണ്. സർക്കാർ കാര്യങ്ങളിൽ ചിലർ ഇടപെടുന്നു എന്നാണ് ഗവർണറുടെ കത്തിൽ വ്യക്തമാകുന്നത്. പോലീസ് ഉദ്യോഗസ്ഥരും ക്രിമിനലുകളും തമ്മിൽ അവിശുദ്ധ ബന്ധം ഉണ്ടെന്ന് തെളിയുന്നു.  അൻവറിനെതിരെയും കേസ് എടുക്കണമെന്നും സ്വന്തം നിലക്ക് ഫോൺ ചോർത്തിയതും ഗുരുതര കുറ്റമാണെന്നും ഗവർണറുടെ കത്തിൽ പറയുന്നുണ്ട്.

പുറത്ത് വന്ന സംഭാഷണങ്ങളിൽ പോലീസിനുള്ള ക്രിമിനൽ ബന്ധം വ്യക്തമാണെന്നും ഗവർണറിന്‍റെ കത്തിൽ പറയുന്നു.  മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെയുള്ള അധികൃതരുടെ ടെലിഫോൺ സംഭാഷണങ്ങൾ പോലീസ് വകുപ്പിലെ ഉദ്യോഗസ്ഥർ ചോർത്തുന്നത്  വലിയ കുറ്റമാണെന്നും നിയമപ്രകാരമുള്ള നടപടികൾ അത്യാവശ്യമാണെന്നും കത്തിൽ സൂചിപ്പിക്കുന്നു.