O J Janeesh| പിഎംശ്രീയില്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത് കാവിവല്‍ക്കരണത്തിന് കൊടിപിടിക്കുന്ന നിലപാട്: ഒ ജെ ജനീഷ്

Jaihind News Bureau
Tuesday, October 28, 2025

 

പി.എം. ശ്രീ പദ്ധതിയില്‍ കേരളം ഒപ്പുവെച്ചതോടെ സംസ്ഥാനത്തിന്റെ മതേതരഘടന തകര്‍ന്നുവെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഒ.ജെ. ജനീഷ്. സര്‍ക്കാര്‍ നടപടി കേരളത്തിന്റെ മതേതര പാരമ്പര്യത്തെ ഒറ്റിക്കൊടുക്കുന്നതിന് തുല്യമാണ്. സര്‍ക്കാര്‍ ഇപ്പോള്‍ കാവിവല്‍ക്കരണത്തിന് കൊടിപിടിക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിഷയത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതിന്റെ ഭാഗമായി, കേരളപ്പിറവി ദിനത്തില്‍ ‘കേരളത്തെ ഒറ്റിയവരെ ഒറ്റപ്പെടുത്തുക’ എന്ന മുദ്രാവാക്യമുയര്‍ത്തി സെക്രട്ടേറിയേറ്റിലേക്ക് ലോങ്ങ് മാര്‍ച്ച് നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

സംഘപരിവാര്‍ സംഘടനകള്‍ക്കെതിരെ സി.പി.ഐ.ക്ക് നിലപാടുണ്ടെങ്കില്‍, ലോങ്ങ് മാര്‍ച്ചില്‍ ബിനോയ് വിശ്വം ഉള്‍പ്പെടെയുള്ള സി.പി.ഐ. നേതാക്കള്‍ അണിനിരക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. അതേസമയം സര്‍ക്കാരിന്റെ അതിദരിദ്ര്യ പ്രഖ്യാപനത്തെയും അദ്ദേഹം വിമര്‍ശിച്ചു. കേവലം ഒരു തിരഞ്ഞെടുപ്പ് സ്റ്റാന്‍ഡ് മാത്രമാണ് ഈ പ്രഖ്യാപനം. പാവപ്പെട്ടവന്റെ സാമൂഹ്യ ദുരവസ്ഥയെ ചൂഷണം ചെയ്യാനുള്ള രാഷ്ട്രീയപരമായ നീക്കം മാത്രമാണിത്. ഇതിന്റെ പേരിലുള്ള പി.ആര്‍. വര്‍ക്കുകളിലൂടെ സര്‍ക്കാര്‍ തികഞ്ഞ രാഷ്ട്രീയ പാപ്പരത്വം കാട്ടുകയാണെന്നും ഒ ജെ ജനീഷ് അഭിപ്രായപ്പെട്ടു.

അതുപോലെ, ദേവസ്വം ബോര്‍ഡിന്റെ വിശ്വാസ്യത തകര്‍ക്കുന്ന നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ദേവ സന്നിധിയില്‍ പോലും മോഷണം നടത്തുന്നവര്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കുന്നു എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഈ നടപടികള്‍ ദേവസ്വം ബോര്‍ഡിന്റെ വിശ്വാസ്യതയെ തകര്‍ക്കുന്ന ഒന്നാണ്. അതിനാല്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രശാന്തിന്റെ സ്വത്ത് വിവരങ്ങള്‍ അന്വേഷിക്കുകയും അനധികൃത സ്വത്ത് കണ്ടെത്തിയാല്‍ അത് കണ്ടുകെട്ടുകയും വേണമെന്നും ഒ.ജെ. ജനീഷ് ആവശ്യപ്പെട്ടു.