ജനങ്ങള്‍ക്ക് സർക്കാരിന്‍റെ അടുത്ത പ്രഹരം; സപ്ലൈകോ വഴി വിതരണം ചെയ്യുന്ന 13 അവശ്യ സാധനങ്ങളുടെ വില വർധിപ്പിക്കും

Jaihind Webdesk
Friday, November 10, 2023

 

തിരുവനന്തപുരം: വിലക്കയറ്റത്തിൽ പൊറുതിമുട്ടുന്ന ജനങ്ങൾക്ക് മേൽ അമിതഭാരമായി സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സബ്സിഡിയുള്ള 13 അവശ്യസാധനങ്ങളുടെ വില വർധിപ്പിക്കുവാൻ ഇടതുമുന്നണി യോഗം അനുമതി നല്‍കി. എത്ര വില വർധിപ്പിക്കണം എന്ന കാര്യത്തിൽ തീരുമാനമെടുക്കുവാൻ ഭക്ഷ്യമന്ത്രി ജി.ആർ. അനിലിനെ യോഗം ചുമതലപ്പെടുത്തി. ഇന്നു ചേർന്ന ഇടതുമുന്നണി യോഗമാണ് സപ്ലൈകോയുടെ ആവശ്യം അംഗീകരിച്ചുകൊണ്ട് ജനങ്ങൾക്ക് കനത്ത പ്രഹരമേൽപ്പിച്ചത്. വൈദ്യുതി ചാർജ് വർധനവിന് തൊട്ടുപിന്നാലെയാണ് ഇരുട്ടടിയുമായി സബ്സിഡി സാധനങ്ങളുടെ വിലയും സർക്കാർ വർധിപ്പിക്കുന്നത്. മന്ത്രിസഭാ പുനഃസംഘടന നവ കേരള സദസിനു ശേഷം മതിയെന്നും മുന്നണി തീരുമാനിച്ചു. കെ.ബി. ഗണേഷ് കുമാറും ആർജെഡിയും മന്ത്രിസഭാ പ്രവേശനത്തിനുള്ള അവകാശവാദം മുന്നണി യോഗത്തിൽ ഉയർത്തി. ഡിസംബർ അവസാനവാരം മന്ത്രിസഭാ വികസനം നടത്തുവാനും ഇടതുമുന്നണി യോഗം തീരുമാനിച്ചു.

സപ്ലൈക്കോ വിതരണം ചെയ്യുന്ന 13 അവശ്യ സാധനങ്ങളുടെ വില വർധിപ്പിക്കാനുള്ള തീരുമാനം സാധാരണക്കാർക്ക് സർക്കാർ നല്‍കുന്ന മറ്റൊരു ഇരുട്ടടിയാണ്. ചെറുപയർ, ഉഴുന്ന്, വൻകടല, വൻപയർ, തുവരപ്പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ, ജയഅരി, കുറുവ അരി, മട്ട അരി, പച്ചരി എന്നിവയ്ക്കാണ് വില കൂടുന്നത്. 13 ഇനം സബ്സിഡി സാധനങ്ങളുടെ വില അടിയന്തരമായി വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സപ്ലൈകോ സർക്കാരിനെ സമീപിച്ചിരുന്നു. 500 കോടി രൂപയുടെ സഹായം ഉടനടി ലഭിക്കാതെ തൽക്കാലം പിടിച്ചുനിൽക്കാനാവില്ലെന്നും സപ്ലൈകോ അധികൃതർ ചർച്ചകളിൽ സർക്കാരിനെ അറിയിച്ചിരുന്നു. 1525.34 കോടി രൂപയാണു സർക്കാർ സപ്ലൈകോയ്ക്കു നൽകാനുള്ളത്. 600 കോടി രൂപയിലേറെ രൂപയാണ് സാധനങ്ങൾ നൽകിയ വിതരണക്കാർക്കു സപ്ലൈകോ നൽകാനുള്ള നിലവിലെ കുടിശിക. വൈദ്യുതി നിരക്ക് വർധിപ്പിച്ചതിന് പിന്നാലെയാണ് സാധാരണക്കാർക്കുമേല്‍ ഇടിത്തീയായി അവശ്യസാധനങ്ങളുടെ വിലയും വർധിപ്പിക്കാനുള്ള സർക്കാർ തീരുമാനം.