നിലമ്പൂര്‍ വിധിയെഴുതാന്‍ ഇനി മൂന്ന് നാള്‍. യുഡിഎഫ് ക്യാമ്പിന് ആവേശം പകര്‍ന്നു പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചരണം. മൂത്തേടത്ത് പ്രിയങ്കയുടെ റോഡ് ഷോയില്‍ പങ്കെടുത്തത് ആയിരങ്ങള്‍. കേരളത്തിന് മുഴുവനുമുള്ള സന്ദേശമായി നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് മാറണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി എംപി. വന്യമൃഗ ശല്യത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും പ്രിയങ്ക. ആശാസമരവും ക്ഷേമ പെന്‍ഷന്‍ വൈകുന്നതും പ്രസംഗമദ്ധ്യേ പ്രിയങ്ക ഉന്നയിച്ചു. യുഡിഎഫ് പ്രചരണ പരിപാടിയുടെ ഭാഗമായി മൂത്തേടത്ത് നടത്തിയ റോഡ് ഷോയ്ക്ക് ശേഷം അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു എംപി.
പന്നിക്കെണിയില്‍ അകപ്പെട്ട് മരണമടഞ്ഞ അനന്തുവിന്റെ നാട്ടുകാര്‍ ഇത്തരത്തില്‍ കെണിവെച്ച വിവരം അധികൃതരെ അറിയിച്ചിട്ടും ഒരു നടപടിയും ഉണ്ടായില്ല. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഒരുക്കുക എന്നത് സംസ്ഥാന സര്‍ക്കാരിന്റെ പ്രാഥമിക കടമയാണെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. മലയോര ജനത അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം വന്യജീവി ആക്രമണമാണ്. സംസ്ഥാന സര്‍ക്കാര്‍ ഇത് പ്രതിരോധിക്കാന്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ല. ആശാവര്‍ക്കര്‍മാര്‍ അവരുടെ അടിസ്ഥാന ആവശ്യത്തിനുവേണ്ടി പ്രതിഷേധിക്കേണ്ട അവസ്ഥയിലാണ്. ആശാവര്‍ക്കര്‍മാര്‍ക്ക് ലഭിക്കേണ്ട അംഗീകാരവും സേവനവേതന വ്യവസ്ഥകളും സര്‍ക്കാര്‍ നല്‍കുന്നില്ല. ക്ഷേമപെന്‍ഷന്‍ നല്‍കുന്നതിലും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായി. നിങ്ങള്‍ തിരഞ്ഞെടുക്കുന്ന ഒരു സര്‍ക്കാരിന് നിങ്ങളോട് ഉത്തരവാദിത്വം നിര്‍വഹിക്കുവാന്‍ ബാധ്യതയുണ്ട.് സംസ്ഥാനത്ത് ഒരു മാറ്റം ഉണ്ടാകേണ്ടതുണ്ട്. അതിന് തുടക്കമാണ് നിലമ്പൂരില്‍ കുറിക്കുന്നത്. കേരളത്തിന് മുഴുവന്‍ ഒരു സന്ദേശമായി ഈ തെരഞ്ഞെടുപ്പു മാറണമെന്നും കേരളത്തില്‍ ഒരു ഭരണ മാറ്റത്തിനുള്ള തുടക്കമായി ഇത് മാറുമെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.