‘സ്ത്രീസുരക്ഷ പറഞ്ഞ് അധികാരത്തിൽ വന്ന സർക്കാർ എല്ലാവർക്കും ബാധ്യതയായി മാറി’: രമേശ് ചെന്നിത്തല

Jaihind Webdesk
Sunday, November 20, 2022

തിരുവനന്തപുരം: കേരളത്തിൽ ഇന്നേവരെ കേട്ടുകേൾവിപോലുമില്ലാതിരുന്ന കൂട്ടബലാൽസംഗമെന്ന ക്യൂരകൃത്യവും അരങ്ങേറിയിരിക്കുന്നു. സ്ത്രീകൾക്ക് തലയണയ്ക്കടിയിൽ വാക്കത്തി വെച്ച് ഉറങ്ങേണ്ടിവരില്ലെന്നു പറഞ്ഞാണ് ഒന്നാം പിണറായി സർക്കാർ അധികാരമേറ്റത്. എന്നിട്ട് ഇന്നു കേരളത്തിൽ സർവ്വമേഖകളിലും കുറ്റകൃത്യങ്ങളുടെ വേലിയേറ്റമാണ്.സാക്ഷര കേരളമെന്നും ദൈവത്തിൻ്റെ സ്വന്തം നാടെന്നും മേനി പറഞ്ഞുനടന്ന നമ്മുടെ നാട് ഭയത്തിൻ്റെയും വെറുപ്പിൻ്റെയും പ്രതികാരത്തിന്‍റെയും നാടായി മാറിക്കൊണ്ടിരിക്കുന്നു. വാക്കത്തിക്കുപകരം എന്തു വെച്ചാലും തലപോകുന്ന അവസ്ഥയിൽ എത്തി നിൽക്കുന്നു. പിണറായിയും ഇടതുപക്ഷവും എല്ലാ മേഖലകളെയും അരക്ഷിതാവസ്ഥയിൽക്കൊണ്ടെത്തിച്ചു. വിദ്യാഭ്യാസമേഖല താറുമാറാക്കി. സർക്കാർ ജോലി സ്വന്തക്കാർക്കും പാർട്ടിക്കാർക്കും വീതംവച്ചു നൽകുന്നു. നിയമ സംരക്ഷകരാകേണ്ട പോലീസിനെ രാഷ്ട്രീയവത്കരിച്ചു . പാർട്ടി ഓഫീസിൽനിന്ന് വിളിച്ചുപറയുന്ന കാര്യങ്ങൾ മാത്രമാണവർ ചെയ്യുന്നതെന്നും  വിജിലൻസും ക്രൈംബ്രാഞ്ചും നോക്കുകുത്തികളായി മാറിയെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

ഒരുകാലത്ത് സർക്കാരിൻ്റെ എല്ലാ കൊള്ളകൾക്കും കൂട്ടുനിന്ന ഗവർണ്ണർ പുണ്യാളൻ്റെ റോളിലാണിപ്പോൾ. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട സർക്കാരും ഗവർണ്ണറും ലക്ഷങ്ങളും കോടികളും മുടക്കി തമ്മിൽ വെല്ലുവിളിക്കുന്നു. ജനങ്ങൾ വെറും കാഴ്ചക്കാരായി നിൽക്കുന്നു. ദിനംപ്രതിയുള്ള കൂറ്റകൃത്യങ്ങൾ കാരണം കേരളത്തിലെ ജനങ്ങൾ പൊറുതിമുട്ടിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.