തിരുവനന്തപുരം : ക്യാബിനറ്റ് പദവിയുള്ള കേരള സര്‍ക്കാറിന്‍റെ പ്രത്യേക പ്രതിനിധിയായി ഡല്‍ഹി കേരള ഹൗസില്‍ പ്രവര്‍ത്തിച്ച മുന്‍ എംപി എ സമ്പത്തിനു വേണ്ടി ചെലവാക്കിയത് 20 ലക്ഷം രൂപ. 2019 ഓഗസ്റ്റില്‍ ചുമതലയേറ്റെടുത്ത സമ്പത്ത് ഒന്നര വര്‍ഷമാണ് ഈ പദവിയിലിരുന്ന് ശമ്പളവും മറ്റ് അലവന്‍സുകളും കൈപ്പറ്റിയത്. കേന്ദ്രസര്‍ക്കാര്‍ പദ്ധതികളും ധനസഹായവും വേഗം നേടിയെടുക്കാനും സംസ്ഥാന സര്‍ക്കാരിന്റെ മറ്റ് ആവശ്യങ്ങള്‍ നിറവേറ്റാനുമാണ് അദ്ദേഹം നിയമിക്കപ്പെട്ടതെങ്കിലും ഇക്കാര്യങ്ങളില്‍ എന്ത് ഇടപെടലാണ് നടത്തിയതെന്ന് കേരള ഹൗസിനും സര്‍ക്കാരിനും വിവരമില്ല. ഇതുമായി ബന്ധപ്പെട്ട് ഡല്‍ഹി യൂത്ത് കോണ്‍ഗ്രസ് വക്താവും മലയാളിയുമായ വിനീത് തോമസിന് കേരള ഹൗസ് റെസിഡന്റ് കമ്മീഷണര്‍ മുഖേന ലഭിച്ച വിവരാവകാശ രേഖയിലാണ് ഇക്കാര്യം വ്യക്തമാകുന്നത്.
ഒന്നര വര്‍ഷം ശമ്പളം വാങ്ങിയ സമ്പത്ത്, 2021 മാര്‍ച്ച് ആദ്യം തെരഞ്ഞെടുപ്പ് ചുമതലയുണ്ടെന്ന് കാട്ടി സ്ഥാനം രാജിവയ്ക്കുകയായിരുന്നു. 2020 മാര്‍ച്ചില്‍ കൊവിഡ് പൊട്ടിപ്പുറപ്പെട്ട സമയത്ത് കേരളത്തിലേക്ക് മടങ്ങുകയും ചെയ്തു. കൊവിഡ് കാലത്ത് ഡെല്‍ഹിയില്‍ കുടുങ്ങിയ മലയാളികള്‍ സഹായത്തിനായി പ്രതീക്ഷയോടെ കേരള ഹൗസിലേക്ക് നോക്കിയപ്പോള്‍ അത് കണ്ടില്ലെന്ന് നടിച്ച് സര്‍ക്കാരിന്‍റെ ക്യാബിനറ്റ് ചുമതലയുള്ള പ്രതിനിധി നാട്ടിലേക്കുള്ള ആദ്യ വിമാനം പിടിച്ചു.
എന്നാല്‍ ഇക്കാലമത്രയും ചെയ്യാത്ത ജോലിയുടെ ശമ്പളം വാങ്ങാന്‍ സമ്പത്തിന് മടിയുണ്ടായില്ല. ശമ്പള ഇനത്തില്‍ 14,20,994 രൂപയാണ് ഒന്നര വര്‍ഷം കൊണ്ട് സമ്പത്തിന് ലഭിച്ചതെന്ന് വിവരാവകാശ രേഖ പ്രകാരം ലഭിച്ച മറുപടി വ്യക്തമാക്കുന്നു. ഓഗസ്റ്റ് 12 മുതല്‍ നാളിതുവരെ 5,85,800 രൂപ യാത്രാ ബത്തയായും 24,792 രൂപ ഫോണ്‍ ചാര്‍ജ് ഇനത്തിലും സമ്പത്തിന് ലഭിച്ചു. സ്റ്റേഷനറി സാധങ്ങള്‍ വാങ്ങിയ ഇനത്തില്‍ 4,150 രൂപയും. ഓഫീസിലെത്തുകയോ ജോലി ചെയ്യുകയോ ചെയ്യാതെയാണ് ഈ തുക അദ്ദേഹം കൈപ്പറ്റിയത്.
എന്തുദ്ദേശ്യത്തിലാണോ സമ്പത്ത് നിയമിക്കപ്പെട്ടത്, അവയെല്ലാം തമസ്‌കരിച്ചാണ് അദ്ദേഹം പ്രവര്‍ത്തിച്ചതെന്ന് വ്യക്തം. കൊറോണ എന്ന മഹാമാരി രാജ്യത്ത് മൊത്തം വ്യാപിച്ചപ്പോള്‍ ഡല്‍ഹി കേന്ദ്രീകരിച്ച് കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഏകോപനം സാധ്യമാക്കി കുടുങ്ങിക്കിടക്കുന്നവരെ സഹായിക്കാന്‍ അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഒരു ഇടപെടല്‍ ഉണ്ടായില്ലെന്ന് വ്യക്തം. ജനങ്ങള്‍ തെരഞ്ഞെടുത്ത എംപിമാര്‍ ഡല്‍ഹിയില്‍ ഉണ്ടെന്നിരിക്കെ ജനങ്ങള്‍ തോല്‍പ്പിച്ച ഒരു വ്യക്തിയെ പ്രത്യേക പ്രതിനിധിയാക്കിയ സംസ്ഥാന സര്‍ക്കാരിന്റെ ഉദ്ദേശ ശുദ്ധിയില്‍ തുടക്കത്തില്‍ തന്നെ വലിയ സംശയം പൊതുസമൂഹത്തിനുണ്ടായിരുന്നു. അവയെല്ലാം ശരിയാണെന്ന് തെളിയിക്കുന്ന സംഭവ വികാസങ്ങളാണ് പിന്നീടുണ്ടായത്. പ്രളയവും ലോക്ക്ഡൗണുമൊക്കെ ഏല്‍പ്പിച്ച ആഘാതം നേരിടുന്ന പൊതു ഖജനാവിന് കൂടുതല്‍ ദുര്‍ചെലവുണ്ടാക്കിയ പാളിയ പരീക്ഷണമാണ് സമ്പത്തിന്റെ നിയമനമെന്നതില്‍ സംശയമില്ല.