മലപ്പുറം : കവളപ്പാറയിലെ 29 ആദിവാസി കുടുംബങ്ങൾക്ക് പട്ടിക വർഗ വികസന വകുപ്പിൽ നിന്ന് ഭൂമി വാങ്ങുന്നതിനും വീട് നിർമിക്കുന്നതിനും പണം അനുവദിക്കണമെന്ന് മുൻ മന്ത്രി എ.പി അനിൽ കുമാർ എം.എൽ.എ. പട്ടിക വർഗ വികസന വകുപ്പ് മന്ത്രി ദുരിതാശ്വാസ ക്യാമ്പ് സന്ദർശിക്കണമെന്നും എത്രയും പെട്ടെന്ന് ഇവരുടെ ദുരിതജീവിതത്തിന് പരിഹാരമുണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
2019 ലെ പ്രളയത്തിൽ രാജ്യം തന്നെ ശ്രദ്ധിക്കപ്പെട്ട ദുരന്തമായിരുന്നു കവളപ്പാറയിലേത്. 59 ആളുകൾ മരണപ്പെടുകയും പലരുടെയും മൃതദേഹങ്ങൾ കണ്ടെത്താൻ കഴിയാത്ത സാഹചര്യവുമാണുണ്ടായത്. കവളപ്പാറ ദുരന്തം കഴിഞ്ഞ് 10 മാസം പിന്നിട്ടിട്ടും 29 ആദിവാസി കുടുംബങ്ങൾ ഇപ്പോഴും കഴിയുന്നത് ദുരിതാശ്വാസ ക്യമ്പിലാണ്. ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഫണ്ടിൽ നിന്ന് പണം ലഭ്യമാണെങ്കിൽ അതിൽ നിന്നും ഇവർക്ക് ഭൂമിയും വീടും വാങ്ങി നൽകണം, അതല്ലെങ്കിൽ പട്ടികവർഗ വികസന വകുപ്പിൽ നിന്ന് അതിന് ആവശ്യമായ തുക അനുവദിക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.
ക്യാമ്പിൽ കഴിയുന്നവരുടെ ജീവിതം ദുരിതപൂർണമാണ്. ദുരന്തം കഴിഞ്ഞ് പത്ത് മാസം പിന്നിട്ടും ഇവർക്ക് ഭൂമിയും വീടും ലഭിച്ചിട്ടില്ല എന്നത് അങ്ങേയറ്റം വേദനാജനകമാണ്. കഴിഞ്ഞ യു.ഡി.എഫ് സർക്കാർ കൊണ്ടുവന്ന പദ്ധതിയാണ് ‘ആശിക്കും ഭൂമി ആദിവാസിക്ക് സ്വന്തം’ എന്നത്. ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയെങ്കിലും എത്രയും പെട്ടെന്ന് ഇവർക്ക് ഭൂമി കണ്ടെത്തി നല്‍കാന്‍ സർക്കാർ തയാറാകണമെന്നും എ.പി.അനിൽകുമാർ എം.എൽ.എ ആവശ്യപ്പെട്ടു. കവളപ്പാറയിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ചതിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.