പ്രവാസികള്‍ക്കായി ബെന്നി ബഹനാന്‍ എം.പിയുടെ നേതൃത്വത്തില്‍ നാളെ യു.ഡി.എഫ് ജനപ്രതിനിധികളുടെ പ്രതിഷേധ ധർണ്ണ

Jaihind News Bureau
Sunday, April 26, 2020

Benny-Behanan

കൊച്ചി: വിദേശ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ ചാർട്ടേഡ് ഫ്‌ളൈറ്റിൽ തിരികെ എത്തിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാൻ എം.പിയുടെ നേതൃത്വത്തിൽ യു.ഡി.എഫ് ജനപ്രതിനിധികൾ തിങ്കളാഴ്ച (27-04-2020) പ്രതിഷേധ ധർണ്ണ നടത്തും. ‘പ്രവാസി മനസിനൊപ്പം: അവർ അന്യരല്ല, നമുക്കൊപ്പം’ എന്ന മുദ്രാവാക്യമുയർത്തി നാളെ രാവിലെ പത്ത് മുതൽ വൈകിട്ട് 4 മണി വരെ നെടുമ്പാശേരി വിമാനത്താവളത്തിന് മുന്നിലാണ് ധർണ്ണ.

എം.എൽ.എ മാരായ അൻവർ സാദത്ത്, വി.പി സജീന്ദ്രൻ, റോജി എം ജോൺ, എൽദോസ് കുന്നപ്പിള്ളില്‍ എന്നിവരാണ് ധർണ്ണയിൽ പങ്കെടുക്കുക. വിഷയത്തില്‍ കേന്ദ്ര സർക്കാർ അടിയന്തര നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് പ്രതിഷേധവുമായി മുന്നോട്ട് പോകുന്നതെന്ന് യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാന്‍ പറഞ്ഞു.

കേരളത്തിന്‍റെ സാമ്പത്തിക മേഖലയുടെ ചാലകശക്തിയായ പ്രവാസി മലയാളികളുടെ ആശങ്കയകറ്റണമെന്നും അവരെ എത്രയും വേഗം നാട്ടിൽ എത്തിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധ ധർണ്ണ. മറ്റെല്ലാ രാജ്യങ്ങളും അവരുടെ പൗരന്മാരെ ചാർട്ടേഡ് ഫ്‌ളൈറ്റിൽ തിരികെ എത്തിച്ചെങ്കിലും ഇന്ത്യ ഇതുവരെ ഒരു നടപടിയും ഇക്കാര്യത്തില്‍ സ്വീകരിച്ചിട്ടില്ലന്ന് ബെന്നി ബെഹനാൻ എം.പി പറഞ്ഞു. മിക്ക രാജ്യങ്ങളും ഇന്ത്യയിൽ നിന്ന് ചാർട്ടേഡ് ഫ്‌ളൈറ്റിൽ അവരുടെ പൗരന്മാരെ തിരികെ കൊണ്ടുപോയി. എന്നിട്ടും നമ്മുടെ രാജ്യക്കാരെ തിരികെ എത്തിക്കാത്തത് പ്രതിഷേധാർഹമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോണ്‍ഗ്രസ് പ്രവർത്തകസമിതിയംഗം എ.കെ ആന്‍റണി, മുന്‍ മുഖ്യമന്ത്രി ഉമ്മൻ‌ ചാണ്ടി, കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ വീഡിയോ കോൺഫറൻസിലൂടെ സമരത്തെ അഭിവാദ്യം ചെയ്യും. ലോക്ക്ഡൗൺ നിയമങ്ങൾ കർശനമായി പാലിച്ചുകൊണ്ടായിരിക്കും സമരം. അതിനാൽ പ്രവർത്തകർ സമരവേദിയിലേക്ക് എത്തരുതെന്നും ബെന്നി ബെഹനാൻ അഭ്യർത്ഥിച്ചു.