അനുജിത്തിന്‍റെ ഭാര്യയ്ക്ക് ജോലി നൽകാൻ വിസമ്മതിച്ച് സർക്കാർ ; ആവശ്യമുന്നയിച്ച് പ്രതിപക്ഷ നേതാവ് നല്‍കിയ കത്ത് നിരസിച്ചു

Jaihind News Bureau
Wednesday, October 21, 2020

 

തിരുവനന്തപുരം: ബൈക്കപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ചതിനെ തുടർന്ന് അവയവദാനം നടത്തിയ അനുജിത്തിന്‍റെ ഭാര്യയ്ക്ക് ജോലി നൽകാൻ വിസമ്മതിച്ച് സർക്കാർ. അനുജിത്തിന്‍റെ മരണത്തോടെ കുടുംബത്തിന് മുന്നോട്ട് പോകാൻ മറ്റു മാർഗമില്ലെന്ന് കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ കത്ത് സർക്കാർ നിരസിച്ചു.

കഴിഞ്ഞ ജൂലൈ 23ന് ബൈക്കപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച് ഒമ്പത് അവയവങ്ങള്‍ ദാനം ചെയ്ത അനുജിത്തിന്‍റെ ഭാര്യയ്ക്ക് സർക്കാർ ജോലി നൽകണമെന്ന് കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ നിവേദനമാണ് സർക്കാർ തള്ളിയത്. ജൂലൈ 14ന് രാത്രിയില്‍ കലയപുരത്തുണ്ടായ ബൈക്ക് അപകടത്തിലാണ്
അനുജിത്തിന് തലയ്ക്കു ഗുരുതരമായി പരിക്കേറ്റത്. പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും  മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു.

ഇതോടെ അനുജിത്ത് എന്നും പറഞ്ഞിരുന്ന അവയവദാനത്തിനായി ഭാര്യ പ്രിൻസിയും സഹോദരി അജല്യയും ഉൾപ്പെടെയുള്ള ബന്ധുക്കൾ മുന്നോട്ടുവരികയായിരുന്നു. അനുജിത്തെന്ന ഏക ആശ്രയം ഇല്ലാതായതോടെ കുടുംബത്തിന്‍റെ അവസ്ഥ മനസിലാക്കിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുജിത്തിന്‍റെ ഭാര്യയ്ക്ക് ജോലി നൽകണമെന്നും കുടുംബത്തിന് ധനസഹായം നൽകണമെന്നും ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയത്.

എന്നാൽ ഭാര്യയ്ക്ക് ജോലി നൽകാൻ ആവില്ലന്നും ധനസഹായത്തിനായി റവന്യു വകുപ്പിന് അപേക്ഷ കൈമാറിയിട്ടുണ്ടന്നുമാണ് സർക്കാരിൽ നിന്ന് ലഭിച്ച മറുപടി. പിൻവാതിൽ നിയമനത്തിലൂടെ ഇഷ്ടക്കാർക്ക് ജോലി നൽകിയ ഇടതു സർക്കാർ പഠനകാലത്ത്‌ എസ്എഫ്ഐയുടെയും പിന്നീട്‌ ഡിവൈഎഫ്ഐയുടെയും സജീവ പ്രവർത്തകനായിരുന്ന അനുജിത്തിൻ്റെ ഭാര്യയ്ക്ക് ജോലി നിഷേധിച്ചത് പ്രദേശത്തെ പാർട്ടി പ്രവർത്തകരിൽ തന്നെ അവമതിപ്പ് സൃഷ്ടിച്ചിട്ടുണ്ട്.