തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ സംസ്ഥാന സർക്കാർ കൂടുതൽ സമ്മർദ്ദത്തില്‍. പ്രതിഷേധം ആളിക്കത്തുന്നതും കോടതി നിർദ്ദേശപ്രകാരം ഉപഗ്രഹ സർവേ റിപ്പോർട്ട് അപാകത നിറഞ്ഞതാണെന്ന് ഏറ്റുപറയേണ്ടിവരുന്നതും സംസ്ഥാന സർക്കാരിനെ കൂടുതൽ സമ്മർദ്ദത്തിലാക്കുന്നു. ഇത്രയും നാൾ എന്തുചെയ്തുവെന്നും അപൂർണ്ണമായ റിപ്പോർട്ട് തയാറാക്കിയതെന്തിനെന്നും കോടതി ചോദിച്ചാൽ സർക്കാരിന് വലിയ വെല്ലുവിളിയാകും.
അതേസമയം ബഫർ സോൺ സംബന്ധിച്ച് പരാതികൾ നൽകാനുള്ള ഹെൽപ്പ് ഡെസ്‌ക് തുടങ്ങുന്നതിലും ഫീൽഡ് സർവേ സംബന്ധിച്ചും ഇന്ന് തീരുമാനം വരും. വനം, റവന്യൂ, തദ്ദേശ സ്വയം ഭരണ മന്ത്രിമാർ രാവിലെ യോഗം ചേരും. ഒപ്പം 88 പഞ്ചായത്ത് പ്രസിഡന്‍മാരും വില്ലേജ് ഓഫീസർമാരും ഓൺലൈൻ വഴി പങ്കെടുക്കും. കെസ്ര തയാറാക്കിയ ഉപഗ്രഹ സർവേ റിപ്പോർട്ടിനേക്കാൾ 2021 ൽ കേന്ദ്രത്തിന് നൽകിയ റിപ്പോർട്ടിൽ കൂടുതൽ ഊന്നൽ നല്‍കാൻ ആണ് സർക്കാർ നീക്കം. റിപ്പോർട്ടിനോപ്പം നൽകിയ ഭൂപടം പ്രസിദ്ധീകരിക്കും. ജനവാസ മേഖലയെ ബഫർ സോണിൽ നിന്നും ഒഴിവാക്കിക്കൊണ്ടുള്ളതാണ് റിപ്പോർട്ട്. ഈ റിപ്പോർട്ടിന്മേൽ ഉള്ള പരാതികളും കേൾക്കും.
എന്നാല്‍ പുതുതായി തയാറാക്കിയ ഉപഗ്രഹ സർവേ റിപ്പോർട്ട് എന്ത് ചെയ്യും എന്നതിൽ കൃത്യമായ വിവരം സർക്കാർ നൽകുന്നില്ല. ഉപഗ്രഹ സർവേ റിപ്പോർട്ടും 2021 ലെ റിപ്പോർട്ടും ഫീൽഡ് സർവേ റിപ്പോർട്ടും സുപ്രീം കോടതിയിൽ എത്തിക്കാൻ ആണ് സർക്കാർ ശ്രമം. ഉപഗ്രഹ സർവേ റിപ്പോർട്ടിനെതിരെ തിരുവനന്തപുരം അമ്പൂരിയിൽ ഇന്നും പ്രതിഷേധം. കേരള ഇൻഡിപെൻഡന്‍ഡ് ഫാർമേഴ്‌സ് അസോസിയേഷൻ കിഫയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. വൈകിട്ട് നാലിന് അമ്പൂരിയിൽ പ്രകടനവും ബഫർസോൺ വിശദീകരണ യോഗവും സംഘടിപ്പിക്കും. ഇന്നലെ ആക്ഷൻ കൗൺസിലിന്‍റെ നേതൃത്വത്തിലും അമ്പൂരിയിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചിരുന്നു.
ബഫർ സോൺ വിഷയത്തിൽ താമരശേരി രൂപതയും കോൺഗ്രസും സമരം ശക്തമാക്കിയതോടെ രാഷ്ട്രീയമായി പ്രതിരോധിക്കാനുള്ള നീക്കത്തിലാണ് സിപിഎം. ഇന്ന് കോഴിക്കോട് കൂരാച്ചുണ്ടിൽ ജനകീയ കൺവെൻഷൻ നടത്തും. കഴിഞ്ഞ ദിവസം സഭയുടെ സമരത്തിൽ സിപിഎം പ്രാദേശിക നേതാക്കൾ പങ്കെടുത്തത് പാർട്ടിയുടെ അനുമതിയോടെയാണെന്ന് ലോക്കൽ സെക്രട്ടറി വ്യക്തമാക്കി.