ദൈവത്തെ കാക്കലല്ല, ദൈവത്തിന്‍റെ സ്വത്ത് കക്കലാണ് ഭരണപക്ഷം ചെയ്യുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി. ശബരിമലയില്‍ നടന്നത് തീവെട്ടിക്കൊള്ള. വളരെ വൈകാരികമായിട്ടുള്ള സംഗമമാണ് കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നത്. വിപ്ലവം ജയിക്കട്ടെയെന്ന് ആക്രോശിച്ചു കൊണ്ട് യുവതീ പ്രവേശനത്തിന് കൂട്ടുനിന്ന സര്‍ക്കാര്‍ വിശ്വാസത്തെ വെല്ലുവിളിച്ചു. സര്‍ക്കാരിന്റെ പൂര്‍ണ അറിവോടുകൂടിയാണ് കൊള്ള നടന്നതെന്നും ഹൈക്കോടതി ഇടപെടും വരെ മൗനം തുടര്‍ന്നതും കള്ളന് ചൂട്ടുപിടിക്കുകയായിരുന്നുവെന്നതിന്‍റെ തെളിവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സ്വര്‍ണക്കൊള്ളയ്‌ക്കെതിരെ പത്തനംതിട്ടയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച വിശ്വാസ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മടിയില്‍ കനമുള്ളവനെ ഭയക്കേണ്ടതുള്ളൂ. സര്‍ക്കാരിന്റെ മടിയിലെ കനത്തില്‍ വലിയൊരു പങ്ക് അയ്യപ്പന്റെ ധനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കട്ടമുതല്‍ എവിടെയെന്ന് വെളിപ്പെടുത്തി സമസ്ത അപരാധങ്ങളും പൊറുക്കണേയെന്ന് ഏറ്റുപറയേണ്ട ഗതികേടാണ് പിണറായിക്ക് ഉള്ളത്. ഇത് രാഷ്ട്രീയ ആക്ഷേപമല്ല. മറിച്ച് വിശ്വാസി സമൂഹത്തിന് കൃത്യമായ മറുപടി നല്‍കേണ്ട വിഷയമാണെന്നും അദ്ദേഹം പറഞ്ഞു. അമ്പലം വിഴുങ്ങാന്‍, ദൈവത്തിന്‍റെ സ്വത്ത് കക്കാന്‍ ഇനി ഈ രാജ്യത്ത് സാഹചര്യമുണ്ടാക്കില്ല. അതിനെതിരെയുള്ള ശക്തമായ ജനവികാരം ഇനിയും ഉയരും. കോടതി നിയന്ത്രണത്തിലുള്ള സിബിഐ അന്വേഷണത്തില്‍ മാത്രമെ യഥാര്‍ത്ഥ പ്രതികളെ വെളിച്ചത്ത് കൊണ്ടുവരാന്‍ കഴിയൂ. വമ്പന്‍ സ്രാവുകള്‍ പുറത്തു കിടക്കുമ്പോള്‍ പരല്‍മീനുകളെയാണ് ഇപ്പോള്‍ പിടിക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യഥാര്‍ത്ഥ സത്യം പുറത്തു വരുന്നതുവരെ കോണ്‍ഗ്രസ് ശക്തമായ പോരാട്ടങ്ങളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഹൈക്കോടതി നടപടികളെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പിണറായി നാട് ഭരിക്കുമ്പോള്‍ വിശ്വാസികള്‍ക്ക് രക്ഷയില്ല. ഇപ്പോള്‍ ദൈവങ്ങള്‍ക്കും രക്ഷയില്ലെന്ന് തെളിയുകയാണ്. അതിനെതിരെയുള്ള പടപ്പുറപ്പാടാണ് ഈ വിശ്വാസ സംഗമം എന്നും ഇവിതെ മാത്രം ഒതുങ്ങില്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.