കേരളത്തിന്‍റെ പൊതുസ്വത്ത് സർക്കാർ കൊള്ളയടിക്കുന്നുവെന്ന് കെ. സുധാകരന്‍; ജനം വെറുക്കുന്ന സര്‍ക്കാരെന്ന് വി.ഡി. സതീശന്‍

Jaihind Webdesk
Tuesday, October 31, 2023

 

തിരുവനന്തപുരം: കേരളത്തിന്‍റെ പൊതു സ്വത്ത് സർക്കാർ കൊള്ളയടിക്കുകയാണെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ എംപി. പാർലമെന്‍റ് തിരഞ്ഞെടുപ്പിന്‍റെ മുന്നൊരുക്കങ്ങൾ ആസൂത്രണം ചെയ്യാനായി കൊല്ലം ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രത്യേക കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർക്കാരിന്‍റെ കഴിവുകേട് ജനങ്ങളുടെ മേൽ ഭാരമായി കെട്ടിയിറക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ കുറ്റപ്പെടുത്തി.

മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിക്കും സർദാർ വല്ലഭായ് പട്ടേലിനും ഉമ്മൻ ചാണ്ടിക്കും ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടാണ് പാർലമെന്‍റ് തിരഞ്ഞെടുപ്പിന്‍റെ മുന്നൊരുക്കങ്ങൾ ആസൂത്രണം ചെയ്യാൻ ചേർന്ന കൊല്ലം ജില്ലാ കമ്മിറ്റിയുടെ പ്രവർത്തക കൺവൻഷൻ ആരംഭിച്ചത്. കേരളത്തിന്‍റെ പൊതുസ്വത്ത് സർക്കാർ കൊള്ളയടിക്കുകയാണെന്ന് കൺവൻഷൻ ഉദ്ഘാടനം ചെയ്ത കെപിസിസി അധ്യക്ഷൻ കുറ്റപ്പെടുത്തി. അഴിമതി ആരോപണങ്ങൾ ഉയരുമ്പോൾ അതു നിഷേധിക്കാനുള്ള നട്ടെല്ല് പോലും മുഖ്യമന്ത്രിക്ക് നഷ്ടപ്പെട്ടതായി അദ്ദേഹം പറഞ്ഞു. ഇത്രയധികം നാണംകെട്ട ഒരു സർക്കാർ കേരളത്തിലുണ്ടായിട്ടില്ല. ആണും പെണ്ണും കെട്ട മന്ത്രിമാരെക്കൊണ്ടുള്ള നിഷ്‌ക്രിയ ഭരണമാണ് കേരളത്തിൽ നടക്കുന്നതെന്നും കെപിസിസി അധ്യക്ഷൻ കുറ്റപ്പെടുത്തി.

ഏകാധിപതിയും ഭീരുവുമായ ഒരു മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ജനങ്ങൾ വെറുക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. സർക്കാരിന്‍റെ കഴിവുകേട് ജനങ്ങളുടെമേൽ ഭാരമായി കെട്ടിയിറക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേരളം കണ്ട ഏറ്റവും അഴിമതി നിറഞ്ഞതും കഴിവുകെട്ടതുമായ സർക്കാർ കേരളീയത്തിന്‍റെ മറവിൽ പാർട്ടിക്കാർക്ക് സർക്കാർ പണം വീതംവെച്ചു നൽകുകയാണെന്നും അദ്ദേഹം പറഞ്ഞു.

കൊടിക്കുന്നിൽ സുരേഷ് എംപിയുടെ അധ്യക്ഷതയിൽ ചേർന്ന കൺവൻഷനിൽ ജില്ലയിൽ നിന്നുള്ള കെപിസിസി ഭാരവാഹികൾ, ഡിസിസി-പോഷക സംഘടനാ ഭാരവാഹികൾ, ബ്ലോക്ക് പ്രസിഡന്‍റുമാർ തുടങ്ങി ആയിരങ്ങൾ പങ്കെടുത്തു. കൺവൻഷന് ശേഷം നേതാക്കളുടെ സാന്നിധ്യത്തിൽ ഡിസിസി നേതൃയോഗം ചേർന്ന് സംഘടനാ വിഷയങ്ങളും തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളും ചർച്ച ചെയ്തു.