തിരുവനന്തപുരം: സേവന വേതന പരിഷ്കരണം ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു സെക്രട്ടറിയേറ്റിനു മുന്നിൽ സമരം തുടരുന്ന ആശാവർക്കർമാർ മഹാസംഗമത്തിലൂടെ പ്രതിഷേധം ശക്തമാക്കി. തങ്ങളുടെ ന്യായമായ അവകാശങ്ങൾ നേടിയെടുക്കും വരെ പിന്നോട്ടില്ല എന്ന ഉറച്ച മുദ്രാവാക്യവുമായി ആയിരക്കണക്കിന് ആശാവർക്കർമാർ ഭരണസിരാകേന്ദ്രത്തിനു മുന്നിൽ പ്രതിഷേധം തുടരുകയാണ്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയ ആയിരക്കണക്കിന് പ്രവർത്തകരെ അണിനിരത്തിയാണ് ആശാവർക്കർമാർ പ്രതിഷേധം കൂടുതൽ ശക്തമാക്കിയത്.സമരം പതിനൊന്നാം ദിവസത്തിലേക്ക് കടന്നതോടെ മഹാസംഗമം സൃഷ്ടിച്ച് പ്രവർത്തകർ സെക്രട്ടറിയേറ്റിനു മുന്നിൽ പ്രതിഷേധം തുടരുകയാണ്.
ആശവർക്കർ ന്യായമായ ആവശ്യങ്ങൾ ഉയർത്തി നടത്തുന്ന സമരത്തിന് വൻ ജനപിന്തുണയാണ് ലഭിക്കുന്നത്. ആശാവർക്കർമാരുടെ മഹാസംഗമം ഉദ്ഘാടനം ചെയ്ത ജോസഫ് സി. മാത്യു സർക്കാരിന്‍റെ വികലമായ നയങ്ങളെ തുറന്നു വിമർശിച്ചു. സർക്കാരിനെ ഇപ്പോൾ നമ്പർ വൺ എന്ന രോഗമാണ് ബാധിച്ചിരിക്കുന്നതെന്ന് സമരവേദിയിൽ എത്തിയ എഐ സി സി സെക്രട്ടറി പിസി വിഷ്ണു നാഥ് എംഎൽഎ കുറ്റപ്പെടുത്തി. ഇവിടെയെല്ലാം ഭദ്രമാണ്, നമ്പർ വൺ ആണ് എന്ന് സ്ഥാപിക്കാനുള്ള വ്യഗ്രതയിലാണ് സർക്കാരെന്നദ്ദേഹം പറഞ്ഞു. ഷാനിമോൾ ഉസ്മാൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളും മഹിളാ കോൺഗ്രസ് പ്രവർത്തകരും സമരത്തിന് പിന്തുണയും സഹായവുമായി സമരവേദിയിൽ എത്തി.
തങ്ങളുടെ ന്യായമായ അവകാശങ്ങൾ അംഗീകരിക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ല എന്ന് ഉറച്ച നിലപാടിലാണ് പ്രവർത്തകർ. സർക്കാർ നിലപാട് തിരുത്തിയില്ലെങ്കിൽ വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കുവാനാണ് സമരസമിതി തീരുമാനിച്ചിരിക്കുന്നത്.