
സര്‍ക്കാര്‍ കള്ളക്കണക്കു കൊണ്ട് കൊട്ടാരം പണിയുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. അതീവ ദരിദ്രര്‍ ഇല്ലാത്ത സംസ്ഥാനമായി കേരളം മാറുന്നത് അഭിമാനകരമാണ്. എന്നാല്‍ സര്‍ക്കാര്‍ കള്ളത്തരം പറയുകയാണ്. ഇരുട്ടു കൊണ്ട് ഓട്ട അടക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്തു മാനദണ്ഡമാണ് ഇത്തരം പ്രഖ്യാപനങ്ങള്‍ക്കു പിന്നില്ലെന്ന് അറിയില്ലെന്നും സിപിഐഎമ്മിന്റെ മാനിഫെസ്റ്റോയില്‍ പറഞ്ഞത് നാലര ലക്ഷം പരമ ദരിദ്രര്‍ ഉണ്ടെന്നാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
പരമദരിദ്രരും അതീവ ദരിദ്രരും തമ്മില്‍ എന്താണ് വ്യത്യാസമെന്ന് അദ്ദേഹം ചോദിച്ചു. നാലരലക്ഷം എങ്ങനെ 62,000 ആയി. എന്ത് മാനദണ്ഡം ഉപയോഗിച്ചെന്ന് വ്യക്തമാക്കണം. പ്ലാനിംഗ് ബോര്‍ഡിനോട് ചര്‍ച്ച ചെയ്തിട്ടുണ്ടോയെന്നും ഈ പ്രഖ്യാപിച്ചിരിക്കുന്ന 62,000 പേരില്‍ എല്ലാവര്‍ക്കും വീടായോയെന്നും അദ്ദേഹം ചോദിച്ചു. രാഷ്ട്രീയ പ്രചരണം പാവപ്പെട്ടവരെ വച്ച് നടത്തുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
4.85 ലക്ഷം ആദിവാസികള്‍ ഉണ്ട്. അവര്‍ ഈ കാറ്റഗറിയില്‍ വരില്ലേ? മലയാളിയുടെ സാമാന്യബുദ്ധിയെ ഈ സര്‍ക്കാര്‍ ചോദ്യം ചെയ്യുകയാണ്. കേരളത്തില്‍ അതീവ ദരിദ്രരും പരമദരിദ്രരും ഇഷ്ടം പോലെയുണ്ടെന്നും പ്രഖ്യാപനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പിന് മുന്നോടിയായി പാവപ്പെട്ടവരെ പ്രചാരണത്തിന് ഉപയോഗിക്കുന്നു. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ നാലരക്കൊല്ലം ഒന്നും ചെയ്യാതെ തിരിഞ്ഞെടുപ്പ്് അടുത്തപ്പോള്‍ തുക കൂട്ടി ജനങ്ങളെ കബളിപ്പിക്കുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു. അതുപോലെ ഒരു കബളിപ്പിക്കലാണ് ഈ പ്രഖ്യാപനവും. ദരിദ്രരില്‍ അതി ദരിദ്രരായിട്ടുള്ളവര്‍ക്കാണ് എ വൈ കാര്‍ഡ് കൊടുക്കുന്നത്. അഞ്ചേകാല്‍ ലക്ഷം കാര്‍ഡ് ഉടമകള്‍ ഉണ്ടെന്നാണ് മന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞത്. അവര്‍ ഇപ്പോള്‍ അതില്‍ നിന്ന് മാറിയോയെന്നും അദ്ദേഹം പരിഹസിച്ചു. കേന്ദ്രം കൊടുക്കുന്ന സഹായത്തെ വരെ ബാധിക്കുമെന്ന് പ്ലാനിങ് ബോര്‍ഡ് അംഗങ്ങള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ക്യാമ്പയിനും ക്യാപ്‌സുകളും ഇറക്കാം. സ്തുതിഗീതം പാടിയാല്‍ പോരല്ലോയെന്നും അദ്ദേഹം പരിഹാസരൂപേണ വിമര്‍ശിച്ചു. വിദൂഷകരുടെ റോള്‍ അല്ല പ്രതിപക്ഷത്തിന്. പരിപാടിയില്‍ പോയാലും പോയില്ലെങ്കിലും അവരോടുള്ള ബഹുമാനത്തിന് കുറവുണ്ടാവില്ലെന്നും അവരുടെ പങ്കാളിത്തം ഉണ്ടാകാന്‍ പാടില്ല എന്നാണ് ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി.