ആറ് മാസത്തിനിടെ പറന്നത് അഞ്ച് പ്രാവശ്യം മാത്രം ; പൊലീസിന് ഹെലികോപ്റ്റർ വാടകയ്ക്കെടുത്ത വകയിൽ സർക്കാരിന് കോടികളുടെ നഷ്ടം

Jaihind News Bureau
Wednesday, September 23, 2020

 

തിരുവനന്തപുരം: കേരള പൊലീസിന് ഹെലികോപ്റ്റർ വാടകയ്ക്കെടുത്ത വകയിൽ സർക്കാരിന് കോടികളുടെ നഷ്ടം. കഴിഞ്ഞ ആറ് മാസത്തിനിടെ അഞ്ച് പ്രാവശ്യം മാത്രം പറന്ന ഹെലികോപ്റ്ററിന് വേണ്ടി 10 കോടിയിൽ അധികം രൂപയാണ് സർക്കാരിന് വാടക നൽകേണ്ടി വരുന്നത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിൽക്കുമ്പോൾ ആണ് ഹെലിക്കോപ്റ്റർ വാടകയുടെ ഇനത്തിൽ കോടികൾ സർക്കാർ ധൂർത്തടിക്കുന്നത്.

ജി.എസ്.ടി അടക്കം 1 കോടി എഴുപത് ലക്ഷത്തി അറുപത്തി മൂവായിരം രൂപയാണ് ഹെലികോപ്റ്ററിന്‍റെ വാടകയിനത്തിൽ പ്രതിമാസം 20 മണിക്കൂർ പറക്കാൻ നൽകേണ്ടത്. പറന്നാലും ഇല്ലെങ്കിലും ഈ തുക ഡല്‍ഹി ആസ്ഥാനമായ പവൻ ഹാൻസ് എന്ന കമ്പനിക്ക് നൽകണം.

ഈ സാമ്പത്തിക വർഷം ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള വാടക കണക്കാക്കിയാൽ പത്ത് കോടി ഇരുപത്തിമൂന്ന് ലക്ഷത്തി എഴുപത്തിയാറായിരത്തി എണ്ണൂറ് രൂപയാണ് സർക്കാർ പവൻ ഹൻസിന് നൽകേണ്ടി വരുന്നത്. ഇത്തരത്തിൽ ഒരു വർഷം കൊണ്ട് 20 കോടി നാല്‍പത്തിയേഴ് ലക്ഷത്തി അമ്പത്തിമൂവായിരത്തി അറുനൂറ് രൂപ ഹെലികോപ്റ്റർ വാടക ഇനത്തിൽ മാത്രം സർക്കാർ ഖജനാവിൽ നിന്ന് നൽകേണ്ടി വരും.

കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്‍റെ  മുൻനിരയിൽ നിൽക്കുന്ന പൊലീസുകാർക്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്താൻ സാമ്പത്തിക പ്രതിസന്ധി മൂലം കഴിയുന്നില്ലെന്ന് പറയുമ്പോഴാണ് പൊലീസ് നവീകരണത്തിന് ആയി മാറ്റിവച്ച തുകയിൽ നിന്നും കോടികൾ നൽകുന്നത്.

അടിയന്തര സാഹചര്യത്തിലടക്കം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ കൂടിയാണ് വൻ തുക വാടക നൽകി സംസ്ഥാനം ഹെലികോപ്റ്റർ വാടകയ്ക്കെടുത്തത്. എന്നാൽ പെട്ടിമുടി ഉൾപ്പടെയുള്ള ദുരന്തം ഉണ്ടായപ്പോൾ ഹെലികോപ്റ്റർ പ്രയോജനം ചെയ്തില്ല. മാത്രമല്ല ആദ്യ പരിശീലന പറക്കലിൽ തന്നെ ഹെലികോപ്റ്ററില്‍ നിന്നും വനമേഖലയിലെ നിരീക്ഷണം പ്രായോഗികമല്ലെന്നും തെളിഞ്ഞിരുന്നു.