സർവ്വമത പ്രാർത്ഥന നടത്താം; തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ സംസ്കരിക്കുന്നതിന് പ്രത്യേക മാർഗനിർദ്ദേശങ്ങള്‍ പുറത്തിറക്കി സർക്കാർ

Jaihind Webdesk
Saturday, August 3, 2024

 

തിരുവനന്തപുരം: ചൂരൽമല ദുരന്ത പശ്ചാത്തലത്തിൽ 2005 ലെ ദുരന്ത നിവാരണ നിയമം സെക്ഷൻ 22, 72 പ്രകാരം സർക്കാർ പ്രത്യേക മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി. നൂറോളം മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്ത സാഹചര്യത്തിലാണ് അടിയന്തരമായി സർക്കാർ ഉത്തരവിറക്കിയത്. തിരിച്ചറിയാത്ത മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതിന്ന് മുമ്പായി ഇൻക്വസ്റ്റ് പോസ്റ്റ്മോർട്ടം നടപടികൾ ഉണ്ടാവും. പ്രത്യേക തിരിച്ചറിയൽ നമ്പർ നൽകും. മൃതദേഹത്തിന്‍റെയും ശരീരത്തിലെ ആഭരണമുൾപ്പെടെയുള്ള വസ്തുക്കളുടെയും ഫോട്ടോ എടുത്ത് സൂക്ഷിക്കും.

“തിരിച്ചറിയാന്‍ സാധിക്കാത്ത മൃതദേഹങ്ങള്‍ സംസ്കരിക്കേണ്ട ഉത്തരവാദിത്തം പഞ്ചായത്തുകള്‍ക്കാണുള്ളത്. അത് നിര്‍വഹിച്ചു തുടങ്ങിയിട്ടുണ്ട്. ഈ മൃതദേഹങ്ങള്‍ സംസ്കരിക്കുമ്പോള്‍ മതപരമായ ചടങ്ങുകള്‍ നടത്തണമെന്ന ആവശ്യം ചിലര്‍ ഉന്നയിക്കുന്നുണ്ട്. അതു കണക്കിലെടുത്ത് സര്‍വ്വമത പ്രാര്‍ത്ഥന നടത്തുന്നതിനു പഞ്ചായത്തുകള്‍ക്ക് മുന്‍കൈയെടുക്കാം.” – മുഖ്യമന്ത്രി പറഞ്ഞു.

ഡിഎൻഎ സാമ്പിൾ, പല്ലുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്നിവ എടുത്തുവെക്കും. പോലീസ് ഇത്തരം മൃതദേഹങ്ങൾ സംബന്ധിച്ച് മേപ്പാടി പഞ്ചായത്ത് അധികൃതരെ വിവരമറിയിക്കണം. അടക്കം ചെയ്യുന്ന രീതിയിൽ മാത്രമേ മൃതദേഹങ്ങൾ സംസ്‌കരിക്കാവൂ. അടക്കം ചെയ്യുന്ന സ്ഥലം മേപ്പാടി പഞ്ചായത്ത് അധികൃതരെ ജില്ലാ ഭരണകൂടം അറിയിക്കണം. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയാൽ 72 മണിക്കൂറിനകം സംസ്‌കരിക്കണം. സംസ്‌കരിക്കുന്ന സമയത്ത് പ്രദേശത്തെ പഞ്ചായത്ത്/നഗരസഭാ ഉദ്യോഗസ്ഥർ സന്നിഹിതരായിരിക്കണം. തിരിച്ചറിഞ്ഞ അവകാശികളില്ലാത്ത മൃതദേഹങ്ങൾ, അവകാശത്തർക്കങ്ങളുള്ള മൃതദേഹങ്ങൾ, ശരീരഭാഗങ്ങൾ എന്നിവ സംസ്‌കരിക്കുന്നതിനും ഇതേ മാർഗനിർദ്ദേശങ്ങൾ ബാധകമാണ്.

കൽപ്പറ്റ നഗരസഭ, വൈത്തിരി, മുട്ടിൽ, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, തൊണ്ടർനാട്, എടവക, മുള്ളൻകൊല്ലി ഗ്രാമ പഞ്ചായത്തുകളിലെ പൊതുശ്മശാനങ്ങളിലുമാണ് സംസ്‌കാരത്തിനുള്ള സൗകര്യം ഒരുക്കിയത്. മൃതദേഹങ്ങൾ ബന്ധപ്പെട്ട തദ്ദേശസ്ഥാപന സെക്രട്ടറിമാർക്ക് കൈമാറി നടപടികൾ പൂർത്തിയാക്കും. മൃതശരീരങ്ങളുടെ സൂക്ഷിപ്പ്, കൈമാറ്റം, സംസ്‌കാരം എന്നിവക്ക് രജിസ്‌ട്രേഷൻ വകുപ്പ് ഐജി ശ്രീധന്യ സുരേഷിനെ നോഡൽ ഓഫീസറായി സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ട്.