കേരളത്തിന് ബാധ്യതയായി മാറിയ സർക്കാർ; ഡിസംബർ 2 മുതല്‍ കുറ്റവിചാരണ സദസുകള്‍ നടത്താന്‍ യുഡിഎഫ്; ഉദ്ഘാടനം മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍

Jaihind Webdesk
Monday, November 13, 2023

 

തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന അവകാശവാദങ്ങളുടെ പൊള്ളത്തരങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നു കാണിക്കുന്നതിന് ഡിസംബര്‍ 2 മുതല്‍ 22 വരെ യുഡിഎഫിന്‍റെ നേതൃത്വത്തില്‍ വിചാരണ സദസുകള്‍ നടത്തുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന്‍. കേരളത്തെ സംബന്ധിച്ച് ഈ സര്‍ക്കാര്‍ ഒരു ബാധ്യതയായി മാറിക്കഴിഞ്ഞെന്നും ലൈഫ് മിഷന്‍ പദ്ധതി ഇല്ലാതാക്കിയതിന്‍റെ ഉത്തരവാദി മുഖ്യമന്ത്രിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

യുഡിഎഫ് വിചാരണ സദസുകള്‍ ഡിസംബര്‍ 2 ന് ആരംഭിക്കും. മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. മറ്റു മന്ത്രിമാരുടെ മണ്ഡലങ്ങളില്‍ അന്ന് കുറ്റവിചാരണ സദസ് നടത്തുമെന്നും യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന്‍ പറഞ്ഞു. സര്‍ക്കാരിന്‍റെ ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെട്ട വിവിധ വിഭാഗങ്ങളുടെ പ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുക്കും. ഈ പരിപാടിയിലൂടെ മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന അവകാശവാദങ്ങളുടെ പൊള്ളത്തരങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നു കാണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലൈഫ് മിഷന്‍ പദ്ധതി ഇല്ലാതാക്കിയതിന്‍റെ ഉത്തരവാദി മുഖ്യമന്ത്രിയാണ്. സംസ്ഥാനത്ത് കര്‍ഷക ആത്മഹത്യയും ലൈഫ് മിഷന്‍ ആത്മഹത്യയും ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും എം.എം. ഹസന്‍ പറഞ്ഞു. സര്‍ക്കാരിന്‍റെ ജനസദസ് നടത്തുന്നതിന് ഉദ്യോഗസ്ഥരെ ഉപേയാഗിച്ച് നിര്‍ബന്ധിത പിരിവ് നടത്തുകയാണെന്നും യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളും സഹകരണ സ്ഥാപനങ്ങളും ഈ ആഢംബര ധൂര്‍ത്തിന് പണം നല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തെ സംബന്ധിച്ച് ഈ സര്‍ക്കാര്‍ ഒരു ബാധ്യതയായി മാറിക്കഴിഞ്ഞെന്ന് എം.എം. ഹസന്‍ പറഞ്ഞു. കെഎസ്‌യു നേതാവ് നസിയായെ മര്‍ദ്ദിച്ച പോലീസുകാര്‍ക്കെതിരെ പരാതി നല്‍കിയിട്ടും ഇതുവരെയും നടപടി എടുത്തിട്ടില്ലെന്നും യുഡിഎഫ് കണ്‍വീനര്‍ ചൂണ്ടിക്കാട്ടി.