‘പ്രശ്നമുണ്ടാക്കിയത് സർക്കാർ, കെ-റെയില്‍ പോലെ ബഫർ സോണിലും പിന്നോട്ട് പോകേണ്ടിവരും’: രമേശ് ചെന്നിത്തല

Jaihind Webdesk
Tuesday, December 20, 2022

 

കോഴിക്കോട്: ബഫർ സോൺ വിഷയത്തിൽ പ്രശ്നം ഉണ്ടാക്കിയത് സംസ്ഥാന സർക്കാരാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഉപഗ്രഹ സർവേ റിപ്പോർട്ടിൽ കുറ്റങ്ങളും കുറവുകളുമുണ്ടെന്ന് മന്ത്രി തന്നെ പറയുന്നു. രാവിലെ പറയുന്നതല്ല മന്ത്രി ഉച്ചയ്ക്ക് പറയുന്നത്. സീറോ ബഫർ സോണിൽ ഉറച്ചു നിൽക്കുകയും ക്യാബിനറ്റ് തീരുമാനം പിൻവലിക്കുകയുമാണ് കർഷകർക്കു വേണ്ടി സർക്കാർ ചെയ്യേണ്ടതെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.

ജനങ്ങളെ സംബന്ധിച്ച് കെ-റെയിൽ പോലെ തന്നെ ആശങ്കയുളവാക്കുന്നതാണ് ബഫർ സോൺ വിഷയവും. കെ-റെയിലിലെന്ന പോലെ തന്നെ ബഫർ സോണിലും സർക്കാരിന് പിന്നാക്കം പോവേണ്ടി വരും. കോഴിക്കോട് ജില്ലയിലെ മലയോര മേഖലയിലെ ഏഴ് പഞ്ചായത്തുകളെയാണ് ഇത് ബാധിക്കുക. എന്ത് ത്യാഗം സഹിച്ചും ബഫർ സോണിൽ കർഷകർക്കൊപ്പം കോൺഗ്രസ് ഉറച്ചുനിൽക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മഹാരാഷ്ട്ര, കർണാടക, തമിഴ്‌നാട് സർക്കാരുകൾ കാണിച്ച ജാഗ്രത കേരള സർക്കാർ കാണിച്ചില്ല എന്നതാണ് യഥാർത്ഥ പ്രശ്നമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ബഫർ സോൺ, മലയോര കർഷകരുടെ ആശങ്കയകറ്റുക എന്ന ആവശ്യവുമായി കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മിറ്റി കൂരാച്ചുണ്ടിൽ നടത്തിയ സമര പ്രഖ്യാപന കൺവൻഷനിൽ കർഷകരുടെ സംശയങ്ങൾക്ക് മറുപടി പറയുകയായിരുന്നു രമേശ് ചെന്നിത്തല. ഡിസിസി പ്രസിഡന്‍റ് അഡ്വക്കറ്റ് കെ പ്രവീൺ കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ അഡ്വക്കറ്റ് പി.എം നിയാസ്, കെ.കെ അബ്രഹാം, ടി.കെ ബാലനാരായണൻ എന്നിവർ സംസാരിച്ചു.