‘വിദ്യാർത്ഥിനിയുടെ ആത്മഹത്യയില്‍ നിന്ന് സര്‍ക്കാരിന് ഒളിച്ചോടാനാവില്ല, ഓണ്‍ലൈന്‍ ക്ലാസുകള്‍ എല്ലാ വിദ്യാർത്ഥികള്‍ക്കും ഉറപ്പാക്കണം’ : ഡോ. ശൂരനാട് രാജശേഖരന്‍

Jaihind News Bureau
Tuesday, June 2, 2020

വിദ്യാഭ്യാസ അവകാശനിയമം നിലനിൽക്കുന്ന രാജ്യത്ത് പഠിക്കാൻ ടി.വിയും സ്മാർട്ട് ഫോണും ഇല്ലാത്തതിന്‍റെ പേരിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ നിന്ന് ഒളിച്ചോടാൻ സർക്കാരിന് കഴിയില്ലെന്ന് കെ.പി.സി.സി ഉപാധ്യക്ഷന്‍ ഡോ. ശൂരനാട് രാജശേഖരൻ. ഓണ്‍ലൈന്‍ ക്ലാസുകള്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ലഭ്യമാകുന്നുണ്ടോ എന്നത് സർക്കാർ ഗൗരവമായി പരിശോധിക്കണം.

കൊവിഡ് കാലത്ത് പട്ടിണിയില്‍ കഴിയുന്ന നിരവധി കുടുംബങ്ങളുണ്ട്. ലാപ്ടോപ്പും സ്മാര്‍ട്ട് ഫോണും കുട്ടികള്‍ക്ക് വാങ്ങി നല്‍കാന്‍ രക്ഷിതാക്കള്‍ക്ക് കഴിയാത്ത അവസ്ഥയാണുള്ളത്. ടി.വി യും ലാപ്ടോപ്പും ഇല്ലാത്ത ധാരാളം കുട്ടികൾ ഉണ്ടെന്ന് സർക്കാർ മറന്നുപോകരുത്. എല്ലാ കുട്ടികൾക്കും ഓൺലൈൻ വിദ്യാഭ്യാസം ലഭിക്കുന്നതിനുള്ള നടപടികൾ സർക്കാര്‍ സ്വീകരിക്കണമെന്നും ഡോ ശൂരനാട് രാജശേഖരന്‍ ആവശ്യപ്പെട്ടു.

 

ഡോ. ശൂരനാട് രാജശേഖരന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം:

 

”ആറ് മുതൽ 14 വരെ വയസ്സുള്ള എല്ലാ കുട്ടികൾക്കും അടിസ്ഥാന വിദ്യാഭ്യാസം സൗജന്യവും നിർബന്ധവും ആക്കുന്നതിനായി ശ്രീ മൻമോഹൻ സിംഗിന്‍റെ നേതൃത്വത്തിലുള്ള യു.പി.എ ഗവൺമെന്‍റ് കൊണ്ടുവന്ന ഐതിഹാസിക നിയമമായിരുന്നു വിദ്യാഭ്യാസ അവകാശ സംരക്ഷണ നിയമം. ആർട്ടിക്കിൾ 21 A ഭേദഗതി ചെയ്ത് 2009 ആഗസ്ത് 4 ന് ഈ നിയമം പാർലമെന്‍റിൽ പാസായി. 2010 ഏപ്രിൽ 1 ന് ഈ നിയമം പ്രാബല്യത്തിൽ വന്നതിനെ തുടർന്ന് ബാലവേല അവസാനിപ്പിക്കുന്നതിന് ഒരു പരിധി വരെ കാരണമായി. സ്ത്രീ വിദ്യാഭ്യാസം കൂടുതൽ വർധിക്കാനും സമസ്ത മേഖലയിലുമുള്ള കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്കും വിദ്യാഭ്യാസ അവകാശ സംരക്ഷണ നിയമം കാരണമായി.

ഇപ്പോൾ ഇതിവിടെ സൂചിപ്പിക്കാൻ കാരണം കോവിഡിന്‍റെ പശ്ചാത്തലത്തിൽ, നമ്മുടെ നാട്ടിൽ ഓൺലൈൻ വിദ്യാഭ്യാസം തുടങ്ങിയിരിക്കുകയാണല്ലോ… യു.ഡി.എഫ് സർക്കാരിന്‍റെ കാലത്ത് തുടങ്ങിയ വിക്ടേഴ്സ് ചാനൽ ഇതിനു വേണ്ടി ഉപയോഗിക്കുന്നു എന്നറിയുന്നതിൽ സന്തോഷമുണ്ട്. എന്നാൽ ഈ ഓൺലൈൻ ക്ലാസ് നമ്മുടെ നാട്ടിലെ എല്ലാ കുട്ടികൾക്കും കിട്ടുന്നുണ്ടോ എന്ന് ഗൗരവമായി പരിശോധിക്കണം.

കേബിൾ സൗകര്യം ഇല്ലാത്ത ഡിഷ് ( Sun Direct to Home) കളിൽ വിക്ടേഴ്സ് ചാനൽ കിട്ടുന്നില്ല എന്ന വ്യാപക പരാതിയും കേൾക്കുന്നു. കോവിഡ് കാലത്ത് പട്ടിണിയും പരിവട്ടവും ആയി കഴിയുകയാണ് രക്ഷകർത്താക്കൾ. കുട്ടികൾക്ക് പുതിയ ലാപ്ടോപ്പും ഫോണും വാങ്ങാൻ അവരുടെ കയ്യിൽ പണമില്ല. അതിനാൽ, വിദ്യാഭ്യാസ മന്ത്രി എല്ലാ കുട്ടികൾക്കും ഈ ഓൺലൈൻ വിദ്യാഭ്യാസം ലഭിക്കുന്നതിനുള്ള നടപടികൾ എടുക്കണമെന്നും, ടി.വി യും ലാപ്ടോപ്പും ഇല്ലാത്ത ധാരാളം കുട്ടികൾ ഈ നാട്ടിൽ ഉണ്ടെന്ന് മന്ത്രി ഓർക്കണമെന്നും ഞാൻ ആവശ്യപ്പെടുന്നു.

പഠിക്കാൻ ടിവിയും സ്മാർട്ട്‌ ഫോണും ഇല്ലാത്തതിന്‍റെ പേരിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ നിന്നും സംസ്ഥാന സർക്കാരിനും വിദ്യാഭ്യാസ വകുപ്പിനും ഒളിച്ചോടാൻ കഴിയില്ല.”