ബാര്‍ കോഴയില്‍ കുടുങ്ങി പിണറായി സര്‍ക്കാര്‍; വിവാദ നയത്തില്‍ നിന്ന് പിന്നോട്ട്; തടിയൂരാന്‍ നീക്കം

Jaihind Webdesk
Saturday, May 25, 2024

 

തിരുവനന്തപുരം: കോഴ ആരോപണത്തിൽ ആടിയുലഞ്ഞതോടെ ഡ്രൈ ഡേ ഉൾപ്പെടെ ഒഴിവാക്കിക്കൊണ്ടുള്ള മദ്യനയത്തിൽ നിന്ന് സർക്കാർ പിന്നോട്ടുപോയേക്കും. വിവാദങ്ങളിൽ നിന്ന് തടിയൂരാനും മുഖം രക്ഷിക്കാനുമായി ബാറുകളുടെ പ്രവർത്തന സമയം കൂട്ടി നൽകുന്നത് ഉൾപ്പെടെയുള്ള വിവാദ നീക്കങ്ങളിൽ നിന്ന് സർക്കാർ പിൻവാങ്ങും. ബാറുടമകൾക്ക് അനുകൂലവും സഹായകരവുമായി രൂപപ്പെടുത്തിയ സെക്രട്ടറി തല തീരുമാനങ്ങൾ ഒഴിവാക്കിക്കൊണ്ടാകും പുതിയ നീക്കങ്ങൾ സർക്കാർ ഇനി നടത്തുക.

എന്നാല്‍ വിവാദങ്ങള്‍ക്കിടയില്‍ ഇളവ് നല്‍കിയാല്‍ അത് ആരോപണങ്ങള്‍ക്ക് കരുത്ത് പകരുമെന്ന ആശങ്കയും സർക്കാരിനും സിപിഎമ്മിനുമുണ്ട്. കോഴ ആരോപണത്തിന് പിന്നാലെ എക്സൈസ് മന്ത്രി എം.ബി. രാജേഷ് കുടുംബസമേതം വിദേശയാത്രയ്ക്ക് പോയിരിക്കുകയാണ്. കോഴ ആരോപണം തള്ളിക്കൊണ്ട് വകുപ്പ് മന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയും ബാറുടമകളുടെ സംസ്ഥാന ഭാരവാഹികളും കഴിഞ്ഞദിവസം രംഗത്ത് എത്തിയെങ്കിലും വ്യക്തമായ തെളിവുകളോടെ പുറത്തുവന്ന ആരോപണം ആളിക്കത്തുകയാണ്. പ്രതിരോധ തന്ത്ര ഭാഗമായി കോഴ ആരോപണത്തിൽ ഗൂഢാലോചന ആരോപിച്ച് എക്സൈസ് മന്ത്രി നൽകിയ പരാതിയിലെ ക്രൈം ബ്രാഞ്ച് അന്വേഷണവും സർക്കാർ വേഗത്തിലാക്കും. നിയമസഭാ സമ്മേളനം പടിവാതിക്കൽ എത്തിനിൽക്കെ ആരോപണത്തെ മറ്റൊരു ദിശയിലേക്ക് തിരിച്ചുവിടുന്നതിനുള്ള കുതന്ത്രമാണ് സർക്കാർ അന്വേഷണത്തിലൂടെ ലക്ഷ്യമിടുന്നത്.

അതേസമയം  കോഴ ആരോപണത്തിൽ പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്‍റെ നീക്കം. തിരഞ്ഞെടുപ്പിന് മുമ്പുതന്നെ ഒന്നാം ഗഡു കോഴ കൈമാറ്റം നടന്നുവെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. കോഴ ഇടപാടിൽ എക്സൈസ് മന്ത്രി രാജിവച്ചു അന്വേഷണം നേരിടണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. കോഴ ആരോപണം നാലാം വർഷത്തിലേക്ക് കടന്ന രണ്ടാം പിണറായി സർക്കാരിനെ അടിമുടി പിടിച്ചുലയ്ക്കുന്നതിനിടയിൽ എക്സൈസ് മന്ത്രി കുടുംബസമേതം വിദേശയാത്രയ്ക്ക് പോയി. വിയന്നയിലേക്കാണ് മന്ത്രി എം.ബി. രാജേഷും കുടുംബവും സ്വകാര്യ സന്ദർശനത്തിന് പുറപ്പെട്ടിരിക്കുന്നത്. ഡ്രൈ ഡേ നഷ്ടം വരുത്തുന്നുവെന്നും അത് ഒഴിവാക്കണമെന്നും സെക്രട്ടറി തല സമിതി ശുപാർശ ചെയ്തിരുന്നു. ബാറുകളുടെ പ്രവർത്തന സമയത്തിൽ ഇളവുകൾ അനുവദിക്കാനും സർക്കാർ ആലോചിച്ചിരുന്നു. മദ്യനയത്തിന്‍റെ പ്രാരംഭ ചർച്ചകള്‍ക്കായി അടുത്ത മാസം മന്ത്രി ബാറുടമകള്‍ അടക്കമുള്ളവരുടെ യോഗം വിളിക്കാനും തീരുമാനിച്ചിരുന്നു. എന്നാൽ കോഴ ആരോപണം ഉയർന്നതോടെ സർക്കാർ അടിമുടി വെട്ടിലായി.

ബാറുടമകള്‍ക്കു പണമുണ്ടാക്കാനുതകുന്ന തരത്തില്‍ മദ്യനയത്തില്‍ വെള്ളം ചേര്‍ക്കാന്‍ സിപിഎം കോടികള്‍ വാങ്ങിയെന്നാണ് വെളിപ്പെടുത്തലുണ്ടായത്. കോഴ നല്‍കാന്‍ ബാറുടമകളില്‍ നിന്നു രണ്ടര ലക്ഷം രൂപ വീതം ആവശ്യപ്പെട്ട് മദ്യമുതലാളിമാരുടെ അസോസിയേഷന്‍ നേതാവ് അനിമോന്‍റെ ശബ്ദ സന്ദേശമാണ് പിണറായി സർക്കാരിന് കനത്ത തിരിച്ചടിയായത്. സിപിഎം കോടികള്‍ കോഴ വാങ്ങിയെന്ന ആരോപണം കത്തിപ്പടര്‍ന്നതോടെ പാര്‍ട്ടി പ്രതിരോധത്തിലായി. അന്വേഷണം വേണമെന്നും എക്സൈസ് മന്ത്രി രാജി വെക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷവും രംഗത്തെത്തി. ഈ സാഹചര്യത്തിലാണ് ഇളവുകള്‍ നല്‍കാനുള്ള ചിന്ത സർക്കാർ തല്‍ക്കാലത്തേക്ക് ഉപേക്ഷിക്കുന്നത്. ജൂണ്‍ പത്തിന് നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കെ അന്വേഷണം പൂർത്തിയാക്കി മുഖം രക്ഷിക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാർ നടത്തുന്നത്.

അനിമോന്‍ പറഞ്ഞത്:

“പണം കൊടുക്കാതെ ആരും നമ്മളെ സഹായിക്കില്ല. രണ്ടര ലക്ഷം രൂപവെച്ചു തരാന്‍ പറ്റുന്നവര്‍ തരുക. തിരഞ്ഞെടുപ്പു കഴിഞ്ഞാല്‍ പുതിയ മദ്യനയം വരും. അതില്‍ ഡ്രൈ ഡേ എടുത്തു കളയും. അതിനു കൊടുക്കേണ്ടതു കൊടുക്കണം. ഇടുക്കി ജില്ലയില്‍ നിന്ന് ഒരു ഹോട്ടല്‍ മാത്രമാണ് 2.5 ലക്ഷം നല്‍കിയത്. ചിലര്‍ വ്യക്തിപരമായി പണം നല്‍കിയിട്ടുണ്ട്”.