നഴ്സിംഗ് പ്രവേശന പ്രതിസന്ധി; ചർച്ചയില്‍ ധാരണ, നഴ്സിംഗ് മാനേജ്മെന്‍റ് അസോസിയേഷൻ മുന്നോട്ടുവെച്ച ചില ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് ഉറപ്പ് നല്‍കി സർക്കാർ

Jaihind Webdesk
Wednesday, May 22, 2024

 

 

തിരുവനന്തപുരം: നഴ്സിംഗ് കോളേജ് പ്രവേശന പ്രതിസന്ധി ജിഎസ്ടി ഒഴികെയുള്ള വിഷയങ്ങളിൽ മാനേജ്മെന്‍റും സർക്കാരും തമ്മിൽ ധാരണയായി. ജിഎസ്ടി പ്രശ്നത്തിൽ മുഖ്യമന്ത്രിയും ധനമന്ത്രിയുമായി ചർച്ച നടത്തിയതിനുശേഷം നിലപാട് അറിയിക്കാമെന്ന് ആരോഗ്യ മന്ത്രി അറിയിച്ചതായി ഭാരവാഹികൾ പറഞ്ഞു.

ദിവസങ്ങളായി തുടരുന്ന നഴ്സിംഗ് കോളേജ് പ്രവേശന പ്രതിസന്ധി പരിഹരിക്കുന്നതിനാണ് ആരോഗ്യമന്ത്രി മാനേജ്മെന്‍റ് പ്രതിനിധികളുമായി ഇന്ന് ചർച്ച നടത്തിയത്. ചർച്ചയിൽ പ്രതിസന്ധി പരിഹരിക്കുന്നതിന് ഭാഗികമായ ധാരണയിലേക്ക് സർക്കാരും മാനേജ്മെന്‍റ് പ്രതിനിധികളും എത്തി . ജിഎസ്ടി പ്രശ്നത്തിൽ മുഖ്യമന്ത്രിയും ധനകാര്യ മന്ത്രിയുമായി ചർച്ച നടത്തിയ ശേഷം നിലപാട് അറിയിക്കാമെന്ന് ആരോഗ്യമന്ത്രി മാനേജ്മെന്‍റ് പ്രതിനിധികളെ അറിയിച്ചു. സർക്കാർ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിൽ തങ്ങൾ യോഗം ചേർന്ന് അന്തിമ നിലപാട് സ്വീകരിക്കുമെന്ന് സ്വകാര്യ നഴ്സിംഗ് മാനേജ്മെന്‍റ് അസോസിയേഷൻ ഭാരവാഹി അയിര ശശി പറഞ്ഞു.

നഴ്സിംഗ് മാനേജ്മെന്‍റ് അസോസിയേഷൻ മുന്നോട്ടുവെച്ച മറ്റ് ചില ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കാമെന്ന് ഉറപ്പ് നൽകിയിരിക്കുകയാണ്. കഴിഞ്ഞ വർഷം അംഗീകാരം നൽകിയ എല്ലാ കോളേജുകൾക്കും അഫിലിയേഷൻ നൽകാമെന്നു
മന്ത്രി ചർച്ചയിൽ ഉറപ്പ് നൽകി. ബോണ്ട് നൽകിയാലെ അംഗീകാരം നൽകുകയുള്ളൂ എന്ന നിലപാട് ആരോഗ്യവകുപ്പ് പിൻവലിച്ചു. ഇതോടെയാണ് സമവായ സാധ്യത തെളിഞ്ഞത്. ആയിരക്കണക്കിന് വിദ്യാർത്ഥികളെ ബാധിക്കുന്ന നഴ്സിംഗ് കോളേജ് പ്രതിസന്ധി പരിഹരിക്കുവാൻ സർക്കാർ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. നഴ്സിംഗ് കോളേജ് പ്രവേശനം പരിഹരിക്കാൻ തയ്യാറാകാത്ത സർക്കാർ നിലപാടിനെതിരെ വ്യാപക പ്രതിഷേധമുയർന്നതോടെയാണ് ആരോഗ്യ മന്ത്രി സമവായ ചർച്ചയ്ക്ക് തയ്യാറായത്.