ഉന്നതവിദ്യാഭ്യാസമേഖലയെ പ്രതിസന്ധിയിലാക്കുന്ന നീക്കങ്ങളുമായി സർക്കാരും ഗവർണറും വീണ്ടും

Jaihind Webdesk
Saturday, July 13, 2024

 

തിരുവനന്തപുരം: ഗവർണറെ വെല്ലുവിളിച്ച് അസാധാരണ നീക്കവുമായി സർക്കാർ. സാങ്കേതിക സർവകലാശാലാ വിസി നിയമനത്തിന് ഗവർണറെ മറികടന്ന് സ്വന്തം നിലയിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. സാങ്കേതിക സർവകലാശാല ഉൾപ്പെടെ
ആറ് സർവകലാശാലകളിലെ വൈസ് ചാന്‍സിലർ നിയമനത്തിന് കഴിഞ്ഞദിവസം ഗവർണർ സ്വന്തം നിലയിൽ കമ്മിറ്റി രൂപീകരിച്ചിരുന്നു.

ഗവർണറുമായി തുറന്ന പോര് പ്രഖ്യാപിച്ചാണ് അസാധാരണ നീക്കവുമായി സർക്കാർ തിരിച്ചടിച്ചിരിക്കുന്നത്. സാങ്കേതിക സർവകലാശാല വിസി നിയമനത്തിന് ഗവർണറെ മറികടന്ന് സ്വന്തം നിലയിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചാണ് സർക്കാർ ഗവർണറെ വെല്ലുവിളിച്ചത്. കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റിയുടെ വിസി നിയമനത്തിനായി സംസ്ഥാന സര്‍ക്കാര്‍ സ്വന്തം നിലയ്ക്ക് അഞ്ചംഗ സെര്‍ച്ച് കമ്മിറ്റിയാണ് രൂപീകരിച്ചത്. ഇതിൽ ഗവര്‍ണറുടെ പ്രതിനിധിയെ ഉൾപ്പെടുത്തിയിട്ടില്ല. നേരത്തെ നിയമസഭ പാസാക്കുകയും രാഷ്ട്രപതി തള്ളുകയും ചെയ്ത സർവകലാശാല ഭേദഗതി ബില്ലിലെ വ്യവസ്ഥ പ്രകാരമാണ് സര്‍ക്കാര്‍ നീക്കം. എന്നാൽ അഞ്ചംഗ കമ്മിറ്റിയിൽ യുജിസി പ്രതിനിധിയെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗവർണർ കഴിഞ്ഞയാഴ്ച സ്വന്തം നിലയിൽ രൂപീകരിച്ച സെർച്ച് കമ്മിറ്റിയിൽ നിന്നാണ് യുജിസി പ്രതിനിധിയെ കണ്ടെത്തിയത്.

കെടിയു അടക്കം ആറ് സര്‍വകലാശാലകളിലെ വിസി നിയമനത്തിന് ഗവർണർ സെർച്ച് കമ്മിറ്റി രൂപികരിച്ചിരുന്നു. സെനറ്റ് പ്രതിനിധി ഇല്ലാതെയാണ് ഗവർണർ സെർച്ച് കമ്മിറ്റി രൂപീകരിച്ചത്. ഇതിനെതിരെയാണ് സർക്കാർ ഇപ്പോൾ തിരിച്ചടിച്ചിരിക്കുന്നത്. ഏതായാലും ഇരുനീക്കങ്ങളും കോടതിയിൽ ചോദ്യം ചെയ്യപ്പെടുകയും നിയമ പോരാട്ടങ്ങളിലേക്ക് നീങ്ങുകയും ചെയ്യുമെന്ന് ഉറപ്പാണ്. പുതിയ നീക്കങ്ങളിലൂടെ വിദ്യാഭ്യാസ മേഖലയെ ശിഥിലമാക്കുന്ന സർക്കാർ-ഗവർണർ പോര് വീണ്ടും സജീവമാവുകയാണ്.