KEAM RANK LIST| കേരള സിലബസുകാരെ സര്‍ക്കാരും കൈവിട്ടു; അപ്പീല്‍ നല്‍കില്ല; കീം പട്ടികയില്‍ ഈ വര്‍ഷം ഇടപെടാനില്ലെന്ന് സുപ്രീം കോടതി

Jaihind News Bureau
Wednesday, July 16, 2025

സംസ്ഥാന എന്‍ജിനീയറിങ് ഫാര്‍മസി പ്രവേശനത്തിനുള്ള കീം പരീക്ഷയുടെ റാങ്ക്പട്ടിക റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ സംസ്ഥാന സിലബസ് വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടി. വിഷയത്തില്‍ ഈ വര്‍ഷം ഇടപെടാനാവില്ലെന്ന് സുപ്രിം കോടതി വ്യക്തമാക്കി. റാങ്ക് ലിസ്റ്റ് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രിം കോടതി റദ്ദ് ചെയ്തില്ല. പുതുക്കിയ പട്ടിക പ്രകാരം ഈ വര്‍ഷം തന്നെ പ്രവേശനം നടത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിക്കെതിരെ അപ്പീല്‍ ഫയല്‍ ചെയ്യുന്നില്ലെന്ന് സര്‍ക്കാരും കോടതിയില്‍ വ്യക്തമാക്കിയിരുന്നു. നാലാഴ്ച കഴിഞ്ഞ് ഹര്‍ജി വീണ്ടും പരിഗണിക്കും.

സംസ്ഥാനത്തിന് പ്രോസ്പെക്ടസില്‍ എപ്പോള്‍ വേണമെങ്കിലും മാറ്റംവരുത്താന്‍ അധികാരമുണ്ടെന്ന് ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായ പ്രശാന്ത് ഭൂഷണന്‍ വാദിച്ചിരുന്നു. കേരളം വിദഗ്ധ സമിതിക്ക് രൂപം നല്‍കിയ ശേഷമാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും സംസ്ഥാന സിലബസുകാര്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്നും അദ്ദേഹം കോടതിയില്‍ ചൂണ്ടിക്കാട്ടി.

കീമിന്റെ പുതുക്കിയ ഫലം പ്രസിദ്ധീകരിച്ചപ്പോള്‍ 76,230 വിദ്യാര്‍ഥികളാണ് യോഗ്യത നേടിയത്. റാങ്ക് പട്ടികയില്‍ വലിയ മാറ്റമാണുണ്ടായത്. കേരള സിലബസുകാര്‍ പിന്നില്‍ പോയി. ആദ്യ 100 റാങ്കില്‍ 21 പേര്‍ കേരള സിലസില്‍ നിന്നുള്ളവരാണ്. മുന്‍ ലിസ്റ്റില്‍ 43 പേരായിരുന്നു ഉണ്ടായിരുന്നത്. ഇതിന് പിന്നാലെയാണ് സ്റ്റേറ്റ് സിലബസ് വിദ്യാര്‍ത്ഥികള്‍ സുപ്രീം കോടതിയെ സമീപിച്ചത്.