VD SATHEESAN| ‘സ്വര്‍ണ്ണം മാറി ചെമ്പ് ആയത് കടകംപള്ളി മന്ത്രി ആയിരിക്കെ; ആര്‍ക്കാണ് വിറ്റതെന്ന് കടകംപള്ളിക്കും സിപിഎമ്മിനും അറിയാം’- വി.ഡി സതീശന്‍

Jaihind News Bureau
Wednesday, October 8, 2025

സ്വര്‍ണ്ണം മാറി ചെമ്പ് ആയത് കടകംപള്ളി മന്ത്രി ആയിരിക്കെയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഹൈക്കോടതി തന്നെയാണ് അത് ശരിവെച്ചത്. ദേവസ്വം മന്ത്രിക്ക് എങ്ങനെ ഉത്തരവാദിത്തമില്ലാതാകും. ദ്വാരക ശില്പം ആര്‍ക്കു കൊടുത്തതെന്നു കണ്ടത്തേണ്ടത് അന്വേഷണ സംഘം. പേര് പറയേണ്ടത് താനല്ലെന്നും ആര്‍ക്കാണ് വിറ്റതെന്ന് കടകംപള്ളിക്കും സി പി എമ്മിനും അറിയാമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തുടര്‍ച്ചയായ മൂന്നാം ദിനവും സ്വര്‍ണപ്പാളി വിഷയം സഭയെ പ്രക്ഷുബ്ധമാക്കിയിരുന്നു. അതേത്തുടര്‍ന്ന് സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയിരുന്നു. തുടര്‍ന്ന് പ്രതിപക്ഷ നേതാവ് സഭാകവാടത്തിലാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്.

ശബരിമലയിലെ സ്വര്‍ണ്ണപ്പാളി വിവാദം ഇപ്പോള്‍ സി.പി.എമ്മിനും ഇടതുമുന്നണിക്കും എരിതീയില്‍ എണ്ണയൊഴിക്കുന്നതിന് തുല്യമായി മാറിയിരിക്കുകയാണ്. അടുത്തിടെ നടന്ന ആഗോള അയ്യപ്പസംഗമത്തിലൂടെ അകന്നുപോയ ഭൂരിപക്ഷ വോട്ടുകള്‍ തിരികെപ്പിടിച്ചുവെന്ന് ആശ്വസിച്ചിരുന്ന വേളയിലാണ് ഈ കനലെരിയുന്ന വിവാദം. നേട്ടങ്ങളുണ്ടാക്കിയെന്ന അവകാശവാദത്തിനിടയില്‍ സ്വര്‍ണപ്പാളി വിവാദം ശോഭ കെടുത്തി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്.