ശ്രീനാരായണഗുരു പറഞ്ഞ ദൈവം കമ്യൂണിസ്റ്റ് പാര്‍ട്ടി; പുതിയ ഭാഷ്യവുമായി എം വി ജയരാജന്‍

Jaihind News Bureau
Thursday, April 10, 2025

സൂര്യനു താഴെയുള്ള എല്ലാ കാര്യങ്ങളേയും പാര്‍ട്ടി ലൈനില്‍ വ്യാഖ്യാനിക്കുന്നത് ഇതുവരെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനായിരുന്നു. ഇപ്പോള്‍ ദേശീയ സെക്രട്ടറിയായി ഉയര്‍ത്തെഴുന്നേറ്റ എം എ ബേബിയും അതേ ലൈനിലാണ്. പി രാജീവും ഒട്ടും മോശമല്ല. എന്നാല്‍ ഇവര്‍ക്കെല്ലാം വെല്ലുവിളിയായി പാര്‍ട്ടിയില്‍ നിന്നു തന്നെ ഒരാള്‍ കൂടി എത്തിയിരിക്കുന്നു. മറ്റാരുമല്ല സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജനാണത്

സാമ്പിളായി ഇതൊന്നു ശ്രദ്ധിക്കൂ, ‘ ദൈവമൊന്നുണ്ടെങ്കില്‍ അത് സിപിഎം ആണ്. അന്നവസ്ത്രാദി മുട്ടാതെ തന്നു രക്ഷിച്ചു ഞങ്ങളെ ധന്യരാക്കുന്ന നീയൊന്നു തന്നെ ഞങ്ങള്‍ക്കു തമ്പുരാന്‍. ഇതാരുടേതാണ് ഈ നാലു വരി, അറിയാമോ ? ശ്രീനാരായണഗുരുവാണ് അത് എഴുതിയത് .  അദ്ദേഹത്തിന്റെ വരികളില്‍ പറയുന്നത് അന്നവും വസ്ത്രവും തരുന്നവര്‍ ആരാണോ അവര്‍ ദൈവമാണെന്നാണ് . എന്നു പറഞ്ഞാല്‍ രാജ്യത്തെ കമ്യൂണിസ്റ്റു പാര്‍ട്ടിയാണ്… ആ കൂട്ടായ്മയാണ് അന്നവും വസ്ത്രവും മുടങ്ങാതെ നല്‍കുന്നത്.’

ശ്രീനാരായണഗുരുവിന്റെ ദൈവദശകത്തിലെ വരികള്‍ക്ക് അന്തംവിട്ട വ്യാഖ്യാനമാണ് സഖാവ് നല്‍കിയിരിക്കു്ന്നത്. പണ്ട് ജഡ്ജിമാരെക്കുറിച്ചും ഇതുപോലെ ഒരു വ്യാഖ്യാനം ചമച്ചതേ ജയരാജന് ഓര്‍മ്മയുള്ളൂ. പിന്നീട് നെഞ്ചുവേദന വന്ന് ബോധം പോയ ശേഷം ആശുപത്രിയിലെത്തിയ ശേഷമാണ് കണ്ണു തുറന്നത്. ആ നെഞ്ചുവേദന പി്ന്നീടെന്തായാലും ജയരാജനെ തേടി എത്തിയില്ല. പക്ഷേ തലയ്ക്കുള്ളിലെ ആ വെളിച്ചം ഇത്ര കാലമായിട്ടും കെട്ടു പോയിട്ടില്ല എന്നു തെളിയിക്കുന്നതാണ് ഈ വാചകമടി. കമ്യൂണിസ്റ്റു പാര്‍ട്ടിയെക്കുറിച്ച് ആര്‍ക്കും പാടി നടക്കാന്‍ പരുവത്തിന് ഓരോ ശുംഭത്തരം തോന്നിപ്പിക്കുന്നുണ്ടല്ലോ.

ദൈവമൊന്നുണ്ടെങ്കില്‍ അത് സിപിഎം ആണ്. ശ്രീനാരായണ ഗുരു പറഞ്ഞതു പോലെ അന്ന വസ്ത്രാദികള്‍ ഒട്ടും മുട്ടാതെ നല്‍കുന്നത് ദൈവമാണെങ്കില്‍ ജനങ്ങള്‍ക്ക് അന്നത്തിനും വസ്ത്രത്തിനും പോരാടുന്നത് പാര്‍ട്ടിയാണെന്നാണ് ജയരാജന്റെ ഭാഷ്യം. ആ പാര്‍ട്ടി തന്നെയാണ് അവര്‍ക്ക് ദൈവമെന്നും എംവി ജയരാജന്‍ പറയുന്നു. കണ്ണൂര്‍ പ്രസ് ക്ലബില്‍ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു. അദ്ദേഹം.

‘എന്നെ പറ്റി ഒരാളും ദൈവമായി പറയാന്‍ പാടില്ലെന്നാണ് ഗുരു പറഞ്ഞത്. ശ്രീനാരായണ ഗുരുവിനെക്കാള്‍ വലിയൊരു മഹാന്‍ വേറെ പറയാന്‍ നമുക്കുണ്ടോ. അദ്ദേഹം ജീവിച്ചിരിക്കുമ്പോള്‍ ദൈവമായി ചിത്രീകരിച്ചപ്പോള്‍ താന്‍ ഒരു സാധാരണ മനുഷ്യന്‍ മാത്രമാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. ഏതുനേതാവായാലും ഏത് വ്യക്തിയായാലും അവര്‍ പാര്‍ട്ടിക്ക് നല്‍കിയ സംഭാവന വിലപ്പെട്ടതാണ്. എന്നാല്‍ പാര്‍ട്ടിയാണ് വലുത്. അങ്ങനെ ചിത്രീകരിക്കപ്പെട്ട നേതാവിന്റെ അഭിപ്രായവും ഇതാണ്’ – എംവി ജയരാജന്‍ പറഞ്ഞു.