ഇന്ന് 2025 ജൂലൈ 18, കേരള രാഷ്ട്രീയത്തിലെ അതികായനായ നേതാവ് ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ചരമവാര്‍ഷികം. അദ്ദേഹത്തിന്റെ വിയോഗം നികത്താനാവാത്ത ശൂന്യതയാണ് അവശേഷിപ്പിച്ചത്. ജനങ്ങള്‍ക്ക് വേണ്ടി ജീവിച്ച പ്രിയപ്പെട്ട നേതാവിന്റെ നിലയ്ക്കാത്ത ഓര്‍മ്മകളെക്കുറിച്ച് ചിന്തിക്കാനുള്ള നിമിഷമാണിത്. അദ്ദേഹത്തിന്റെ രണ്ടാം ചരമവാര്‍ഷിക ദിനമായ ഇന്ന് സംസ്ഥാനത്തുടനീളം അനുസ്മരണ യോഗങ്ങള്‍ നടക്കും. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും.
പുതുപ്പള്ളിയില്‍ നിന്ന് അഞ്ച് പതിറ്റാണ്ടിലേറെയായി എം.എല്‍.എ. ആയിരുന്ന ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതം അടയാളപ്പെടുത്തിയത് അദ്ദേഹത്തിന്റെ അസാമാന്യമായ ജനസമ്പര്‍ക്കവും സാധാരണക്കാരോടുള്ള ആഴത്തിലുള്ള ബന്ധവുമാണ്. തിരഞ്ഞെടുപ്പ് വിജയങ്ങള്‍ കൊണ്ടുമാത്രമല്ല, ജനങ്ങളുടെ ദുരിതങ്ങള്‍ നേരിട്ടറിയാനും പരിഹരിക്കാനുമുള്ള അദ്ദേഹത്തിന്റെ സന്നദ്ധതയും അദ്ദേഹത്തെ ജനകീയ നേതാവ് ആക്കി മാറ്റി.
ജനകീയ സ്വീകാര്യതക്കപ്പുറം, കേരളത്തെ മാറ്റിമറിച്ച നിരവധി പ്രധാന അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്ക് നേതൃത്വം നല്‍കിയ ദീര്‍ഘവീക്ഷണമുള്ള ഒരു ഭരണാധികാരി കൂടിയായിരുന്നു ഉമ്മന്‍ ചാണ്ടി. അദ്ദേഹം മുഖ്യമന്ത്രിയായിരുന്ന കാലഘട്ടങ്ങളില്‍ കൊച്ചി മെട്രോ, കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം തുടങ്ങിയ വലിയ പദ്ധതികള്‍ക്ക് രൂപം നല്‍കുകയും കാര്യമായ പുരോഗതി കൈവരിക്കുകയും ചെയ്തു. ഒരിക്കല്‍ അസാധ്യമെന്ന് കരുതിയിരുന്ന ഈ പദ്ധതികള്‍ ഇപ്പോള്‍ കേരളത്തിന്റെ സാമ്പത്തിക സാമൂഹിക മേഖലകളില്‍ ഇന്ന് സുപ്രധാന പങ്കാണ് വഹിക്കുന്നത്. അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും മുദ്രകള്‍ ഈ പദ്ധതികളില്‍ വ്യക്തമാണ്. രാഷ്ട്രീയ തടസ്സങ്ങളെയും സാമ്പത്തിക പരിമിതികളെയും മറികടന്നാണ് അദ്ദേഹം ഈ സംരംഭങ്ങള്‍ക്ക് തുടക്കെ കുറിച്ചത്.
അദ്ദേഹത്തിന്റെ രണ്ടാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് കെപിസിസിയുടെ നേതൃത്വത്തില്‍ ഇന്ന് പുതുപ്പള്ളിയില്‍ വിപുലമായ അനുസ്മരണ പരിപാടികള്‍ സംഘടിപ്പിക്കും. പുതുപ്പള്ളി പള്ളി മൈതാനത്ത് പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന പന്തലില്‍ രാവിലെ 9 മണിക്ക് പുഷ്പാര്‍ച്ചനയോടെ ആരംഭിക്കുന്ന അനുസ്മരണയോഗം ലോകസഭ പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധി ഉദ്ഘാടനം ചെയ്യും. കെപിസിസി പ്രസിഡന്റ് അഡ്വ.സണ്ണി ജോസഫ് എംഎല്‍എ അധ്യക്ഷത വഹിക്കും. അനുസ്മരണ യോഗത്തില്‍ യുഡിഎഫ് നേതാക്കന്മാരും വിവിധ മതമേലധ്യന്മാരും സാമൂഹിക- സാംസ്‌കാരിക മേഖലയിലെ പ്രമുഖവ്യക്തികളും പങ്കെടുക്കും.
ഉമ്മന്‍ചാണ്ടി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ 11 വീടുകളുടെ താക്കോല്‍ ദാനവും, ലഹരിക്കെതിരെ നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന രണ്ടാമത്തെ ഉമ്മന്‍ ചാണ്ടി സ്പോര്‍ട്സ് അരീന, മീനടം സ്പോര്‍ട്സ് ടറഫിന്റെ നിര്‍മ്മാണ ഉദ്ഘാടനവും രാഹുല്‍ഗാന്ധി നിര്‍വഹിക്കും എന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ വ്യക്തമാക്കി.
ഉമ്മന്‍ചാണ്ടിയുടെ സ്മരണയ്ക്കായി കെപിസിസി ആരംഭിക്കുന്ന സ്മൃതി തരംഗം ജീവകാരുണ്യ പദ്ധതിയുടെ ഉദ്ഘാടനവും സമ്മേളനത്തില്‍ വച്ച് നടക്കും. അതേസമയം സംസ്ഥാനത്ത് വിവിധ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലും ഉമ്മന്‍ചാണ്ടിയുടെ അനുസ്മരണ യോഗങ്ങള്‍ നടക്കുമെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ്് പിസി വിഷ്ണുനാഥ് എംഎല്‍എ പറഞ്ഞു.
പതിനായിരം പേര്‍ക്ക് ഇരിക്കാവുന്ന പന്തലാണ് ചടങ്ങുകള്‍ക്കായി പള്ളി മൈതാനത്ത് ഒരുങ്ങുന്നത്. പള്ളിമുറ്റത്തെ ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ പുഷ്പാര്‍ച്ചന നടത്തിയതിന് ശേഷമാണ് അനുസ്മരണ യോഗത്തില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുക. അനുസ്മരണ യോഗത്തില്‍ യുഡിഎഫ് നേതാക്കന്മാരും വിവിധ മതമേലധ്യന്മാരും സാമൂഹിക- സാംസ്‌കാരിക മേഖലയിലെ പ്രമുഖവ്യക്തികളും പങ്കെടുക്കും.