കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളില്‍ ഷോക്കേറ്റ് മരിച്ച മിഥുന്റെ അമ്മ സുജ നാട്ടിലെത്തി. തുര്‍ക്കിയിലായിരുന്നു സുജ ഇന്ന് രാവിലെയാണ് നടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിലെത്തിയത്. അന്‍വര്‍ സാദത്ത് എംഎല്‍എ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പ്രവര്‍ത്തകരും വിമാനത്താവളത്തിലെത്തി. അതിവൈകാരികമായ രംഗങ്ങളാണ് വിമാനത്താവളത്തിലുണ്ടായത്. ഇളയ മകനെ കെട്ടിപ്പിടിച്ച് സുജ പൊട്ടിക്കരഞ്ഞു. തോരാക്കണ്ണീരുമായി കലങ്ങിയ മനസോടെ വന്ന സുജയുമായുള്ള വാഹനം പൊലീസ് അകമ്പടിയോടെ കൊല്ലത്തെ വീട്ടിലേക്ക് യാത്ര തിരിച്ചു. ഇന്ന് വൈകിട്ട് 5നാണ് മിഥുന്റെ സംസ്കാരം.
ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ നിന്നും 10 മണിയോടെ മിഥുന്റെ മൃതദേഹം സ്കൂളില്‍ എത്തിക്കും. 12 മണിവരെ സ്കൂളില്‍ പൊതുദര്‍ശനം ഉണ്ടായിരിക്കും. സഹപാഠികളും അധ്യാപകരും പ്രദേശവാസികളും മിഥുനെ അവസാനമായി ഒരുനോക്ക് കാണാന്‍ ഇവിടേക്ക് എത്തും. തുടര്‍ന്ന് മൃതദേഹം ശാസ്താംകോട്ട വിളന്തറയിലെ വീട്ടിലേക്കു കൊണ്ടുപോകും.