മാസപ്പടി കേസ്; മുഖ്യമന്ത്രിയുടെ മകള്‍ക്ക് തിരിച്ചടിയായ കർണാടക ഹൈക്കോടതി വിധിയുടെ പൂർണ്ണ പകർപ്പ് ഇന്ന് പുറത്തുവരും

Jaihind Webdesk
Saturday, February 17, 2024

 

തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന് കനത്ത തിരിച്ചടിയായി മാറിയ കർണാടക ഹൈക്കോടതി വിധിയുടെ പൂർണ്ണ വിധിപ്പകർപ്പ് ഇന്ന് പുറത്തുവരും. എസ്എഫ്ഐഒ അന്വേഷണം റദ്ദാക്കണമെന്ന വീണാ വിജയന്‍റെ കമ്പനി എക്‌സാലോജിക് നൽകിയ ഹർജി തള്ളിയ കർണാടക ഹൈക്കോടതിയുടെ വിധിയുടെ പൂർണ്ണ പകർപ്പാണ് ഇന്ന് പുറത്തുവരിക.

കഴിഞ്ഞദിവസം വീണയുടെ ഹർജി തള്ളിയ ജസ്റ്റിസ് എം. നാഗപ്രസന്നയുടെ ബെഞ്ചാണ് സുപ്രധാന വിധി പകർപ്പ് പുറത്തുവിടുന്നത്. രാവിലെ പത്തരയ്ക്ക് കോടതി കൂടുമ്പോൾ വിധിപ്പകർപ്പ് നല്‍കാമെന്നാണ് കഴിഞ്ഞദിവസം കോടതി അറിയിച്ചത്. വിധിയിലെ പരാമർശങ്ങളും നീരിക്ഷണങ്ങളും വീണയ്ക്ക് ഏറെ നിർണ്ണായകമാണ്.

കർണാടക ഹൈക്കോടതി ഹർജി തള്ളിയത് മുഖ്യമന്ത്രിക്കും മകൾക്കും ഒപ്പം സർക്കാരിനേയും സിപിഎമ്മിനേയും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. അന്വേഷണത്തിന് കോടതി കൂടി പച്ചക്കൊടി കാട്ടിയതോടെ എസ്എഫ്ഐഒ വിശദമായ അന്വേഷണത്തിലേക്ക് നീങ്ങും. വീണാ വിജയനെ ചോദ്യം ചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്ക് എസ്എഫ്ഐഒ വരും ദിവങ്ങളിൽ നീങ്ങുമെന്ന് ഉറപ്പാണ്.