‘എം.പി ഫണ്ട് മരവിപ്പിക്കൽ പ്രാദേശിക വികസനത്തെ തളർത്തും, തീരുമാനം കേന്ദ്രം അടിയന്തരമായി പിന്‍വലിക്കണം’: കെ സുധാകരൻ എം.പി

Jaihind News Bureau
Tuesday, April 7, 2020

K-Sudhakaran

കൊവിഡ് പ്രതിരോധത്തിനുള്ള സാമ്പത്തിക നടപടികളുടെ ഭാഗമായി ഈ മാസം മുതൽ  എം.പി ഫണ്ട് മരവിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം പ്രാദേശിക വികസനത്തെ തളർത്തുമെന്ന് കെ സുധാകരന്‍ എം.പി.  കേന്ദ്രസർക്കാർ തീരുമാനം നാടിന് ഗുണകരമാവില്ലെന്നും ഇത് അടിയന്തരമായി പിന്‍വലിക്കാന്‍ കേന്ദ്രം തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എം.പിമാരുടെ ശമ്പളവും പെൻഷനും 30% വെട്ടിക്കുറയ്ക്കാനുള്ള കേന്ദ്രത്തിന്‍റെ തീരുമാനത്തെ ഈ പ്രത്യേക സാഹചര്യത്തിൽ ഉൾക്കൊള്ളാൻ എല്ലാവർക്കും കഴിയുന്നതാണ്. എന്നാല്‍ രാജ്യത്തുടനീളം പ്രാദേശികമായ വികസന പ്രവർത്തനങ്ങൾക്ക് ഏറെ സഹായിക്കുന്ന എം.പി ഫണ്ട്‌ നിർത്തലാക്കുന്നത് ജനാധിപത്യ വിരുദ്ധവും വികസന വിരുദ്ധവുമായ സമീപനമാണെന്ന് കെ സുധാകരന്‍ എം.പി പറഞ്ഞു. ഒരു എം.പിക്ക് മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്കായി അഞ്ച് കോടി രൂപ മാത്രമാണ് ലഭിക്കുന്നത്. എന്നാൽ കേരളത്തിലെ ഓരോ എംഎൽഎമാർക്കും ആറു കോടി രൂപ വീതം തങ്ങളുടെ നിയോജകമണ്ഡലങ്ങളിലെ വികസന പ്രവർത്തനങ്ങൾക്കായി ചെലവഴിക്കാൻ നിലവിൽ സാധിക്കുന്നുണ്ട്. കേരളത്തിന് 314 കോടി രൂപ മാത്രമാണ് 2020-21 കാലയളവിലേക്ക് ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കുള്ള ഫണ്ടായി കേന്ദ്രം അനുവദിച്ചതെങ്കിലും ബി.ജെ.പി സർക്കാർ നിലവിലുള്ള ഉത്തർപ്രദേശിന് ഇതേ സാഹചര്യത്തിൽ 1,933 കോടി രൂപയാണ് ലഭിക്കുന്നത്. ഈ ദുരന്ത സമയത്തും ഇത്തരം വിവേചനം കാണിക്കുന്ന കേന്ദ്ര സർക്കാരിന്‍റെ നടപടി തീർത്തും അപലപനീയവും ഖേദകരവുമാണെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യ പ്രവർത്തകർക്ക് അടിയന്തിരമായി ആവശ്യമുള്ള പി.പി.ഇ കിറ്റുകളും, പരിശോധനകൾക്ക് ആവശ്യമായ ഉപകരണങ്ങൾക്കും, വെന്‍റിലേറ്ററുകൾക്കും വേണ്ടി എം.പി ഫണ്ടിൽ നിന്നും 1 കോടി രൂപ അനുവദിച്ചിട്ടുണ്ട്. എം‌.പി‌മാർക്ക് ലഭിക്കുന്ന പ്രാദേശിക വികസന ഫണ്ട്‌ അതാത് മണ്ഡലങ്ങളിലെ പ്രാദേശികമായ ആരോഗ്യ പ്രവർത്തനങ്ങൾക്കും കൊവിഡ് അനുബന്ധ ചെലവുകൾക്കുമായി സ്വതന്ത്രമായി ചെലവഴിക്കാൻ അനുമതി നൽകേണ്ടുന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ ഫണ്ട് നല്‍കുന്നത് തന്നെ മരവിപ്പിച്ചിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗ്രാമീണ മേഖലയിൽ ചെറുതും വലുതുമായ ഒട്ടേറെ വികസന പ്രവർത്തനങ്ങൾക്ക് ഉപയോഗപ്പെടുത്താവുന്ന ഫണ്ട് മരവിപ്പിച്ചത് മൂലം പിന്നാക്ക ജനവിഭാഗങ്ങൾ അധിവസിക്കുന്ന മേഖലകളിലും ഒട്ടേറെ പദ്ധതികൾ പാതി വഴിക്കാവുന്ന സാഹചര്യമാണ് നിലവിലുള്ളത്. ചെറുതും വലുതുമായ കുടിവെള്ള പദ്ധതികൾക്കും മറ്റും നീക്കിവെച്ചതും ഉപയോഗപ്പെടുത്താവുന്നതുമായ എം.പി ഫണ്ട് മരവിച്ച തീരുമാനം കേന്ദ്ര സർക്കാർ വളരെ അടിയന്തരമായി പിൻവലിക്കണമെന്നും കെ സുധാകരൻ എം.പി പ്രസ്താവനയിൽ പറഞ്ഞു.

teevandi enkile ennodu para