‘കമ്യൂണിസ്റ്റ് പാർട്ടികളുടെ അടിത്തറ തകർന്നു, നേതാക്കള്‍ ജനങ്ങളില്‍ നിന്ന് അകന്നു’; മാടമ്പള്ളിയിലെ യഥാർത്ഥ മാനസികരോഗി ധനവകുപ്പെന്നും സിപിഐ സംസ്ഥാന കൗൺസിലില്‍ വിമർശനം

Jaihind Webdesk
Thursday, July 11, 2024

 

തിരുവനന്തപുരം: കമ്യൂണിസ്റ്റ് പാർട്ടികളുടെ അടിത്തറ തകർന്നതായും സിപിഎം, സിപിഐ നേതാക്കൾ ജനഹൃദയങ്ങളിൽ നിന്ന് അകന്നതായും സിപിഐ സംസ്ഥാന കൗൺസിൽ. മുഖ്യമന്ത്രിക്കെതിരെ കനത്ത വിമർശനം സംസ്ഥാന കൗൺസിലിന്‍റെ രണ്ടാം ദിനത്തിലും ഉയർന്നെങ്കിലും തോൽവിയിൽ മുഖ്യമന്ത്രിയെ മാത്രം കുറ്റം പറയുന്നതിൽ അർത്ഥമില്ലെന്ന
നിലപാടാണ് ചർച്ചകളുടെ മറുപടിയിൽ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സ്വീകരിച്ചത്. ധനകാര്യവകുപ്പിനെതിരെ കനത്ത വിമർശനമാണ് കൗൺസിലിൽ ഉയർന്നത്. മാടമ്പള്ളിയിലെ യഥാർത്ഥ രോഗി ധനവകുപ്പെന്ന് അംഗങ്ങൾ വിമർശിച്ചു. പി.പി. സുനീറിനെ രാജ്യസഭാംഗമാക്കിയതിൽ വി.എസ്. സുനിൽകുമാറും യുവ നേതാക്കളും തമ്മിൽ വാദപ്രതിവാദവുമുണ്ടായി.

സിപിഎം-സിപിഐ നേതാക്കൾ ജനങ്ങളില്‍ നിന്ന് അകന്നെന്നും കമ്യൂണിസ്റ്റ് പാർട്ടികളുടെ അടിത്തറ തകർന്നെന്നുമുള്ള പൊതുവികാരമാണ് രണ്ടു ദിവസമായി നടന്ന സിപിഐ സംസ്ഥാന കൗൺസിലിൽ ഉയർന്നത്. മുഖ്യമന്ത്രിക്കെതിരെ കനത്ത വിമർശനം സംസ്ഥാന കൗൺസിലിന്‍റെ രണ്ടാം ദിനത്തിലും ഉയർന്നു. ഒന്നല്ല, ഒരായിരം പിണറായിമാർ പുറത്തുണ്ടെന്നും ഇങ്ങനെ പോയാൽ കേരളത്തിലെ ഇടതുപക്ഷം ബം​ഗാളിന്‍റെ പാതയിലെന്നും കൗൺസിലിൽ വിമർശനമുയർന്നു. മുഖ്യമന്ത്രിക്കെതിരെയുള്ള വിമർശനങ്ങൾ തുടർന്നപ്പോൾ തോൽവിയിൽ മുഖ്യമന്ത്രിയെ മാത്രം കുറ്റം പറയുന്നതിൽ അർത്ഥമില്ലെന്ന നിലപാടാണ് ചർച്ചകളുടെ മറുപടിയിൽ ബിനോയ് വിശ്വം സ്വീകരിച്ചത്. സർക്കാരിന്‍റെയും മുന്നണിയുടേയും പ്രവർത്തനം മെച്ചപ്പെടുത്തണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു.

എസ്എഫ്ഐയിലെ തെറ്റ് ചൂണ്ടിക്കാട്ടിയതിന് എസ്എഫ്ഐയും എഐഎസ്എഫും തെരുവിൽ പോരടിക്കേണ്ടതില്ലെന്നും
തെറ്റുകൾ കണ്ടാൽ എസ്എഫ്ഐയെ ഇനിയും വിമർശിക്കുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. ധനകാര്യവകുപ്പിനെതിരെ കനത്ത വിമർശനമാണ് കൗൺസിലിൽ ഉയർന്നത്. തോൽവി വിലയിരുത്തുന്നവർ മാടമ്പള്ളിയിലെ യഥാർത്ഥ മാനസികരോഗി ധനവകുപ്പാണെന്ന് തിരിച്ചറിയണമെന്ന് പ്രതിനിധികൾ ചൂണ്ടിക്കാട്ടി. ധനവകുപ്പിന്‍റെ കെടുകാര്യസ്ഥത തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് കാരണമായി എന്നും കൗൺസിൽ കുറ്റപ്പെടുത്തി. പി.പി. സുനീറിനെ രാജ്യസഭ അംഗമാക്കിയതിനെ ചൊല്ലി വലിയ വാദപ്രതിവാദങ്ങൾ കൗൺസിലിൽ ഉയർന്നു. സുനീറിനു പകരം മുതിർന്ന നേതാവിനെ പരിഗണിക്കണമായിരുന്നു എന്ന വി.എസ്. സുനിൽകുമാറിന്‍റെ വാദത്തെ എഐവൈഎഫ് സംസ്ഥാന പ്രസിഡന്‍റ് എൻ. അരുൺ ഉൾപ്പെടെയുള്ള യുവജന നേതാക്കൾ പരിഹസിച്ചു തള്ളി.