
തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. തിരുവിതാംകൂര്‍ ദേവസ്വം മുന്‍ തിരുവാഭരണം കമ്മീഷണര്‍ കെ.എസ്. ബൈജുവിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കേസിലെ ഏഴാം പ്രതിയായ ബൈജുവിനെ ഇന്ന് റാന്നി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.
സ്വര്‍ണം ഉള്‍പ്പെടെ ദേവസ്വം ബോര്‍ഡിലെ അമൂല്യവസ്തുക്കളുടെ പൂര്‍ണ്ണ ചുമതല തിരുവാഭരണം കമ്മീഷണര്‍ക്കാണ്. മുഖ്യപ്രതികളുടെ ഗൂഢാലോചനയുടെ ഭാഗമായാണ് ബൈജു അന്നേദിവസം അസാന്നിധ്യം പാലിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. തിരുവനന്തപുരത്തെ ഫ്‌ലാറ്റില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ബൈജുവിനെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കേസിലെ മറ്റ് പ്രതികളായ മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു, മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ ഡി. സുധീഷ് കുമാര്‍ എന്നിവരെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്.ഐ.ടി. ഇന്ന് റാന്നി കോടതിയില്‍ അപേക്ഷ നല്‍കും. ബൈജുവിനെക്കൂടി അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍, മറ്റ് പ്രതികളോടൊപ്പം ഒരുമിച്ച് ചോദ്യം ചെയ്യുന്നതിലൂടെ ഗൂഢാലോചനയെക്കുറിച്ച് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.
സ്വര്‍ണ്ണപ്പാളി ചെമ്പാണെന്ന് രേഖപ്പെടുത്തുന്നതില്‍ മുരാരി ബാബുവിനും സുധീഷ് കുമാറിനും പങ്കുണ്ടെന്ന് എസ്.ഐ.ടി. നേരത്തെ കണ്ടെത്തിയിരുന്നു.