വീട്ടുമുറ്റത്ത് പെരുമ്പാമ്പ്; പിടികൂടാനുള്ള ശ്രമത്തിനിടെ വനപാലകന് കടിയേറ്റു | VIDEO

Jaihind Webdesk
Thursday, October 20, 2022

 

കോട്ടയം: എരുമേലിയിൽ വീട്ടുമുറ്റത്ത് കണ്ട പെരുമ്പാമ്പിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ വനപാലകന് കടിയേറ്റു.
എരുമേലി ടൗണിന് സമീപം വാഴക്കാലായിലാണ് സംഭവം. കെഎസ്ഇബി സബ് എന്‍ജിനീയർ ഹഫീസിന്‍റെ (നെജു കിഴക്കെതിൽ) വീട്ടുമുറ്റത്താണ് പെരുമ്പാമ്പ് കയറിയത്.

വൈകിട്ട് ഏഴുമണിയോടെ റോഡിലൂടെ കടന്നുപോയ ബൈക്ക് യാത്രികരായ പാണപുഴയിൽ അനീഷ് പി.കെ, സുഹൃത്ത് ഉണ്ണി എന്നിവരാണ് പെരുമ്പാമ്പ് വീട്ടുമുറ്റത്തേയ്ക്ക് കയറുന്നത് കണ്ടത്. തുടർന്ന് ഇവർ വീട്ടുകാരെയും നാട്ടുകാരെയും വിവരം അറിയിച്ചു. പിന്നാലെ പ്ലാച്ചേരിയിൽ നിന്നെത്തിയ വനപാലകർ പാമ്പിനെ പിടികൂടാൻ ശ്രമം ആരംഭിച്ചു. ഇല്ലിപ്പടർപ്പിൽ നിന്നും പുറത്തേക്ക്ചാടിയ പെരുമ്പാമ്പിനെ വനപാലകർ സാഹസികമായി പിടികൂടുകയായിരുന്നു. ഇതിനിടെയാണ് വനപാലകരിൽ ഒരാൾക്ക് കടിയേറ്റത്. കടിയേറ്റയാളെ ഉടൻതന്നെ ഉദ്യോഗസ്ഥർ ആശുപത്രിയിൽ എത്തിച്ചു.