ജമ്മു & കശ്മീരില്‍ കോണ്‍ഗ്രസിലേക്ക് നേതാക്കളുടെ ഒഴുക്ക്; 59 പേര്‍ കൂടി പാര്‍ട്ടി അംഗത്വം സ്വീകരിച്ചു; ഗുലാം നബി ആസാദിന് വന്‍ തിരിച്ചടി

Jaihind Webdesk
Tuesday, January 17, 2023

ന്യൂഡല്‍ഹി : ജമ്മു & കശ്മീരില്‍ കോണ്‍ഗ്രസിലേക്ക് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ഒഴുക്ക്. ഗുലാം നബി ആസാദിന് വീണ്ടും തിരിച്ചടി. ഡെമോക്രാറ്റിക് ആസാദ് പാർട്ടി ജനറൽ സെക്രട്ടറി നിസാമുദ്ദീൻ ഖട്ടാന അടക്കം 59 സ്ഥാപക നേതാക്കൾ കോൺഗ്രസിൽ ചേർന്നു.

ആസാദിന്‍റെ ബിജെപി അനുകൂല നിലപാടുകളും ഡെമോക്രാറ്റിക് ആസാദ് പാർട്ടിക്ക് ജമ്മു കാശ്മീരിൽ വേണ്ട ചലനങ്ങൾ ഉണ്ടാക്കാൻ കഴിയാത്തതും നേതാക്കളുടെ മനം മാറ്റത്തിന് കാരണമായി. പാർട്ടി രജിസ്ട്രേഷനായി ഗുലാം നബി ആസാദ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനിരിക്കെയാണ് കൊഴിഞ്ഞ് പോക്ക്.

അതേസമയം കാശ്മീര്‍  മുന്‍ ഉപമുഖ്യമന്ത്രി താരാ ചന്ദ് അടക്കമുള്ള പതിനേഴോളം പേര്‍ ഈ മാസം ആദ്യം  കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ തിരിച്ചെത്തിയിരുന്നു.  മുന്‍ പിസിസി അധ്യക്ഷന്‍ പീര്‍സാദാ മുഹമ്മദ് സയ്യിദ് അടക്കമുള്ള നേതാക്കളാണ് പ്രവര്‍ത്തകര്‍ക്കൊപ്പം പാര്‍ട്ടിയിലേക്ക് മടങ്ങിയെത്തിയത്.കോൺഗ്രസ് വിട്ടത് ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരമാണെന്ന് കശ്മീര്‍ മുൻ ഉപമുഖ്യമന്ത്രി താരാ ചന്ദ് പറഞ്ഞിരുന്നു.

വ്യാഴാഴ്ച രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ജമ്മു & കശ്മീരില്‍ പര്യടനം ആരംഭിക്കാനിരിക്കെയാണ്  കോണ്‍ഗ്രസിലേക്കുള്ള നേതാക്കളുടെ തിരിച്ചു വരവ്.