ഇടത് സര്‍ക്കാരിനെ വിറപ്പിച്ച് വിശ്വാസ പ്രവാഹം; പന്തളത്ത് അണപൊട്ടി ജനസാഗരം; ശബരിമല വിശ്വാസ സംരക്ഷണ യാത്ര പിണറായി സര്‍ക്കാരിനുള്ള താക്കീത്

Jaihind News Bureau
Saturday, October 18, 2025

പത്തനംതിട്ടയെ പുളകം കൊള്ളിച്ച് യുഡിഎഫിന്റെ പദയാത്ര. കാരക്കാട് മുതല്‍ പന്തളം വരെ നടന്ന പദയാത്രയില്‍ യുഡിഎഫിലെ പ്രമുഖ നേതാക്കള്‍ക്ക് പുറമെ പതിനായിരക്കണക്കിനാളുകളാണ് പങ്കെടുത്തത്. സ്വര്‍ണ്ണക്കൊള്ളയില്‍ പിണറായി സര്‍ക്കാരിനുള്ള ശക്തമായ താക്കീതാണ് വിശ്വാസ സംരക്ഷണയാത്രയിലൂടെ ്പ്രതിഫലിച്ചത്. ഈ 4 ദിവസങ്ങള്‍ നീണ്ടു നിന്ന യാത്രയെ ജനലക്ഷങ്ങള്‍ നെഞ്ചേറ്റി എന്നതിന്റെ തെളിവായിരുന്നു, ഇന്ന് നടന്ന സമാപന സമ്മേളനം..

ശബരിമലയിലെ ആചാരലംഘനത്തിനും സ്വര്‍ണ കൊള്ളയ്ക്കുമെതിരെ കെ.പി.സി.സി സംഘടിപ്പിച്ച വിശ്വാസ സംരക്ഷണ യാത്രക്ക് ലഭിച്ചത് വന്‍ ജനസ്വീകാര്യത. ശബരിമലയെന്ന പുണ്യഭൂമിയിലെ വിശ്വാസങ്ങളെ സ്വന്തം രാഷ്ട്രീയ നേട്ടത്തിനായി ചവിട്ടിമതിച്ച ഇടത് സര്‍ക്കാരിനെതിരായ പോരാട്ടമായിരുന്നു കെപിസിസിയുടെ വിശ്വാസ സംരക്ഷണ യാത്ര. നവോത്ഥാനത്തിന്റെ രക്ഷാധികാരികളെന്ന് അവകാശപ്പെട്ട ഇടത് മുന്നണിയും സര്‍ക്കാരും, കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ മറവില്‍ ആചാരങ്ങളെ തള്ളിപ്പറയുകയും, ശബരിമലയിലെ സ്വര്‍ണക്കൊള്ളയുമായി മുന്നോട്ട് പോവുകയും ചെയ്തപ്പോള്‍ കടുത്ത താക്കീത് നല്‍കാന്‍ കോണ്‍ഗ്രസിന്റെ യാത്രക്ക് കഴിയുകയും ചെയ്തു. ഒക്ടോബര്‍ 14ന് ആരംഭിച്ച മേഖലാ ജാഥ മുതല്‍ ഇന്ന് പന്തളത്ത് സമാപിച്ചതു വരെ ജനലക്ഷങ്ങളാണ് യാത്രയെ അനുഗമിച്ചത്. സര്‍ക്കാരിനെതിരെയുള്ള ജനരോഷമായിരുന്നു കഴിഞ്ഞ 4 ദിവസങ്ങളായി സംസ്ഥാനത്തുടനീളം ആഞ്ഞടിച്ചത്.

ശബരിമലയിലെ ആചാരലംഘനത്തിനും സ്വര്‍ണ കൊള്ളയ്ക്കുമെതിരെയായിരുന്നു കെ.പി.സി.സിയുടെ നേതൃത്വത്തില്‍ വിശ്വാസ സംരക്ഷണ യാത്രക്ക് സംഘടിപ്പിച്ചത്. ഒക്ടോബര്‍ 14 ന് കാസര്‍കോഡ്, പാലക്കാട്, തിരുവനന്തപുരം ജില്ലകളിലും ഒക്ടോബര്‍ 15 ന് മൂവാറ്റുപുഴ യിലുമായിരുന്നു ജാഥകള്‍ക്ക് തുടക്കം കുറിച്ചു. പാലക്കാട് ജില്ലയില്‍ കൊടിക്കുന്നില്‍ സുരേഷ് എംപിയും, കാസര്‍കോഡ് നിന്ന് രാഷ്ട്രീയ കാര്യസമിതി അംഗം കെ മുരളീധരനും, മൂവാറ്റുപുഴയില്‍ ബെന്നിബെഹ്നാന്‍ എംപിയുടെ നേതൃത്വത്തിലും തിരുവനന്തപുരം ജില്ലയില്‍ അടൂര്‍ പ്രകാശ് എംപിയുടെയും നേതൃത്വത്തിലുമായിരുന്നു മേഖലാ ജാഥകള്‍ നടത്തിയത്.

യാത്രയുടെ തുടക്കം മുതല്‍ സമാപന ദിവസമായ ഇന്നു വരെ വന്‍ ജന പങ്കാളിത്തമാണ് സംസ്ഥാനത്തിന്റെ ഓരോ കോണില്‍ നിന്നും യാത്രക്ക് ലഭിച്ചത്. ശബരിമലയിലെ വിശ്വാസങ്ങളെ തച്ചു തകര്‍ക്കുന്ന ഇടത് സര്‍ക്കാരിനെതിരെയുള്ള ശക്തമായ താക്കീതായി വിശ്വാസ സംരക്ഷണ യാത്ര മാറുകയായിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ക്കൊപ്പം വിശ്വാസ സമൂഹവും കൈകോര്‍ത്തതോടെ മേഖല ജാഥകള്‍ ജനകീയ യാത്രകളായി മാറി. സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും ഒത്താശയില്‍ നടന്ന ശബരിമലയിലെ തീവെട്ടി കൊള്ള തുറന്നുകാട്ടി, ശബരിമലയിലെ ആചാരങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഇടത് സര്‍ക്കാരിനെ വിചാരണ ചെയ്ത് കൊണ്ടും മുന്നേറിയ യാത്രയുടെ പ്രയാണം വിശ്വാസ സമൂഹത്തെ ചേര്‍ത്തുപിടിച്ചു കൊണ്ടായിരുന്നു.