തിരുവനന്തപുരം : ലൈഫ് പദ്ധതിയിലൂടെ വടക്കാഞ്ചേരിയിലെ ഫ്ലാറ്റ് നിർമ്മാണത്തിനായി റെഡ് ക്രസന്‍റ് യൂണിടാക്കിന് നൽകിയ ആദ്യ ഗഡു തന്നെ ഇടനിലക്കാർക്ക് നല്‍കിയെന്ന് എൻഫോഴ്സ്മെന്‍റ് കണ്ടെത്തൽ. കരാര്‍ ഉറപ്പിക്കാന്‍ 20 ശതമാനം കമ്മീഷനാണ് യൂണിടാക്കിനോട് ആവശ്യപ്പെട്ടിരുന്നത്. ഇതനുസരിച്ച് റെഡ് ക്രസന്‍റ് യൂണിടാക്കിന് നല്‍കിയ ആദ്യ ഗഡു തന്നെ കൈക്കൂലിയായി തിരികെ നല്‍കുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍.
വടക്കാഞ്ചേരിയിലെ ലൈഫ് പദ്ധതിയുടെ നിർമ്മാണ കരാർ ഉറപ്പിക്കാൻ സ്വപ്നയും യു.എ.ഇ കോൺസുലേറ്റിലെ ഈജിപ്ഷ്യൻ പൗരൻ ഖാലിദും യൂണിടാക്കിനോട് 20 ശതമാനം കമ്മീഷനാണ് ആവശ്യപ്പെട്ടത്. മുൻകൂറായി നൽകാൻ പണമില്ലെന്ന് യൂണിടാക് അറിയിച്ചപ്പോള്‍ സ്വപ്ന തന്നെയാണ് ഇത്തരത്തിലൊരു നിർദേശം മുന്നോട്ടുവെച്ചത്. കരാറിനായി റെഡ് ക്രസന്‍റ് യൂണിടാകിന് നൽകുന്ന ആദ്യ ഗഡു തന്നെ കമ്മീഷനായി നൽകണം എന്ന നിർദേശമാണ് സ്വപ്ന മുന്നോട്ടുവെച്ചത്. ഇതിന് യൂണിടാക്ക് സമ്മതം അറിയിച്ചതിന് ശേഷമാണ് കരാറില്‍ ഒപ്പിട്ടത്.
കമ്മീഷനില്‍ ധാരണയായതോടെ ആദ്യ ഗഡുവായി യൂണിടാക്കിന്‍റെ അക്കൗണ്ടിലേക്കെത്തിയ 3.2 കോടി രൂപ പിൻവലിച്ച് ഖാലിദിന് നൽകിയെന്നാണ് യൂണിടാക് എം.ഡിയുടെ മൊഴി. ഈ പണം സ്വപ്നയും സരിത്തും ചേർന്ന് വിവിധ സ്ഥാപനങ്ങള്‍ വഴി ഡോളറാക്കി മാറ്റുകയായിരുന്നു. ഇതിന് ഒരു ബാങ്ക് ഉദ്യോഗസ്ഥന്‍റെ സഹായം ഇവർക്ക് ലഭിച്ചതായാണ് വിവരം. മറ്റ് സഹായകേന്ദ്രങ്ങള്‍ സംബന്ധിച്ചും അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ കസ്റ്റംസും എന്‍ഫോഴ്സ്മെന്‍റും കണ്ടെത്തിയിട്ടുണ്ട്. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥർക്ക് തട്ടിപ്പുമായി ഉള്ള ബന്ധം ഗൌരവത്തോടെയാണ് അന്വേഷണ ഏജന്‍സികള്‍ കാണുന്നത്. അതേസമയം കോഴ വാങ്ങിയ യു.എ.ഇ കോണ്‍സുലേറ്റിലെ ഫിനാൻസ് മാനേജർ ഖാലിദ് നാടുവിടുകയും ചെയ്തു.
https://youtu.be/uG_1t9C59Gs