ദുബായ് : യു.എ.ഇയുടെ ചൊവ്വാ പര്യവേക്ഷണ പേടകമായ ഹോപ് പ്രോബ് പകര്‍ത്തിയ ചൊവ്വയുടെ ആദ്യ ചിത്രം ഭൂമിയില്‍ എത്തി. ചൊവ്വയുടെ ഉപരിതലത്തില്‍ നിന്ന് കാല്‍ലക്ഷം കിലോമീറ്റര്‍ അകലെ നിന്നുള്ളതാണ് ഈ ചിത്രം.
യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, യുഎഇ ഉപ സര്‍വസൈന്യാധിപനും അബുദാബി കിരീടാവകാശിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉള്‍പ്പടെയുള്ളവര്‍ ആദ്യ ചിത്രം പങ്കുവെച്ചു. രാജ്യത്തിന്‍റെ പുതിയ കണ്ടെത്തലുകള്‍ക്കും ഗവേഷണങ്ങള്‍ക്കും പ്രതീക്ഷ പകരുന്നതാണ് ഈ നേട്ടമെന്ന് ഇവര്‍ പറഞ്ഞു.