ആശ്വാസ തീരത്ത്… യുക്രെയ്നില്‍ നിന്നുള്ള മലയാളി വിദ്യാർത്ഥികളുടെ ആദ്യ സംഘം കരിപ്പൂരിലെത്തി

 

മലപ്പുറം : യുക്രെയ്നിൽ നിന്ന് ‘മിഷന്‍ ഗംഗ’യിലൂടെ  മുംബെയിലെത്തിയ ആദ്യ സംഘത്തിലെ 4 മലയാളി വിദ്യാർത്ഥികൾ കരിപ്പൂർ വിമാനത്താവളം വഴി കേരളത്തിലെത്തി. മലപ്പുറം സ്വദേശികളായ വിദ്യാർത്ഥികളാണ് 2 മണിയോടെ കരിപ്പൂരിൽ എത്തിയത്. ഇവരെ ജില്ലാ ഭരണകൂടവും ബന്ധുക്കളും ചേർന്ന് സ്വീകരിച്ചു.

അമർ അലി, സനം, തൻസീഹ സുൽത്താന, ഫാത്തിമ കുലൂദ എന്നീ മലപ്പുറം സ്വദേശികളായ 4 വിദ്യാർത്ഥികളാണ് യുദ്ധഭൂമിയിൽ നിന്നും ജന്മനാട്ടിൽ തിരിച്ചെത്തിയത്. റൊമാനിയ അതിർത്തിയിൽ നിന്നും 35 കിലോമീറ്റർ അകലെയായിരുന്നു വിദ്യാർത്ഥികൾ. ഇവിടെ നിന്നാണ് വെല്ലുവിളികൾ തരണം ചെയ്ത് ഇവർ അതിർത്തിയിലെത്തിയത്. എംബസി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഇവരെ രക്ഷപ്പെടുത്തി ഇന്ത്യയിൽ എത്തിക്കുകയായിരുന്നു. നാലുപേരും മെഡിക്കൽ വിദ്യാർത്ഥികളാണ്. തങ്ങളെ നാട്ടിൽ എത്തിക്കാൻ സഹായിച്ച എല്ലാവരോടും നന്ദിയുണ്ട്. യുക്രൈനിലെ വിവിധ ഇടങ്ങളിൽ ധാരാളം മലയാളികൾ കുടുങ്ങി കിടക്കുകയാണ്. അവരെ കൂടി രക്ഷപ്പെടുത്തി നാട്ടിലെത്തിക്കണമെന്നും വിദ്യാർത്ഥികൾ അഭ്യർത്ഥിച്ചു.

മിഷന്‍ ഗംഗ രക്ഷാദൗത്യത്തിന്‍റെ ഭാഗമായുള്ള പ്രത്യേക വിമാനത്തിലാണ് ഇവരുള്‍പ്പെടുന്ന ആദ്യ സംഘം ഇന്നലെ രാത്രി മുംബൈയിലെത്തിയത്. റൊമാനിയ അതിർത്തി കടക്കാൻ ചെറിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇതൊഴിവാക്കിയാൽ വളരെ സുഖമായാണ് നാട്ടിലേക്ക് എത്താനായതെന്നും അവർ കൂട്ടിച്ചേർത്തു.

Comments (0)
Add Comment