തിരുവനന്തപുരം : അതീവ സുരക്ഷാ മേഖലയായ സെക്രട്ടേറിയറ്റിലുണ്ടായ തീപിടിത്തം മുഖ്യമന്ത്രിയുടെയും ചീഫ് സെക്രട്ടറിയുടെയും അറിവോടെയെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട തെളിവുകള്‍ പുറത്തുവരാതിരിക്കാന്‍ വേണ്ടിയാണ് തീപിടിത്തം ആസൂത്രണം ചെയ്തതെന്നും സംഭവം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തില്‍ പറഞ്ഞു.
എം.എല്‍.എമാരായ വി.എസ് ശിവകുമാറിനെയും കെ.എസ് ശബരീനാഥനെയും പോലും സെക്രട്ടേറിയറ്റിന് അകത്തേക്ക് കടക്കാന്‍ അനുവദിച്ചില്ല. ഉത്തരവാദിത്വപ്പെട്ട ജനപ്രതിനിധികള്‍ എന്ന നിലയിലാണ് തീപിടിത്തം ഉണ്ടായപ്പോള്‍ കാര്യങ്ങള്‍ അന്വേഷിക്കാന്‍ എം.എല്‍.എമാർ എത്തിയത്. പിന്നെ ആർക്കാണ് സെക്രട്ടേറിയറ്റില്‍ കടക്കാന്‍ അനുവാദമുള്ളതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ചോദിച്ചു.
മുഖ്യമന്ത്രിയുടെയും ചീഫ് സെക്രട്ടറിയുടെയും അറിവോടെയാണ് തീപിടിത്തം ഉണ്ടായത്. ചീഫ് സെക്രട്ടറി സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍റെ വേഷം ഏറ്റെടുത്തത് എന്തിനെന്നും അദ്ദേഹം ചോദിച്ചു. ആസൂത്രിതമായ ഒരു ഗൂഢാലോചന ഇതിന് പിന്നിലുണ്ട്. പിണറായി വിജയന്‍ കേരളം കണ്ട ഏറ്റവും വലിയ ഭീരുവായ മുഖ്യമന്ത്രിയാണ്. കേന്ദ്ര ഏജന്‍സി അന്വേഷിച്ചാല്‍ മാത്രമേ വിശദാംശങ്ങള്‍ പുറത്തുവരികയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
https://www.facebook.com/JaihindNewsChannel/videos/621107002126606