Nehru trophy Boat race 2025| ഫൈനലില്‍ തീ പാറും : 71-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഫൈനല്‍ അല്‍പ്പസമയത്തിനകം; നിലവിലെ ജേതാക്കളായ കാരിച്ചാല്‍ പുറത്തായി

Jaihind News Bureau
Saturday, August 30, 2025

ആലപ്പുഴ: കായല്‍ രാജാക്കന്‍മാര്‍ കിരീടത്തിനായി തുഴയെറിയുന്ന 71-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഫൈനല്‍ മത്സരം ആലപ്പുഴ പുന്നമടക്കായലില്‍ അല്‍പ്പസമയത്തിനകം ആരംഭിക്കും. ആവേശം നിറഞ്ഞ ഹീറ്റ്‌സ് മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് നടുഭാഗം, നിരണം, വീയപുരം, മേല്‍പ്പാടം എന്നീ ചുണ്ടന്‍ വള്ളങ്ങളാണ് ഫൈനലിന് യോഗ്യത നേടിയത്.

ഹീറ്റ്‌സ് റൗണ്ടില്‍ 4.20.904 മിനിറ്റില്‍ ഫിനിഷ് ചെയ്ത് നടുഭാഗം ചുണ്ടന്‍ ഒന്നാം സ്ഥാനത്തെത്തി. നിരണം (4.21.269), വീയപുരം (4.21.810), മേല്‍പ്പാടം (4.22.123) എന്നിവ യഥാക്രമം രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങളില്‍ ഇടം നേടി. അതേസമയം, കഴിഞ്ഞ തവണത്തെ ജേതാക്കളായ കാരിച്ചാല്‍ ചുണ്ടന്‍ ഫൈനല്‍ കാണാതെ പുറത്തായത് ആരാധകരെ നിരാശരാക്കി.

ഫൈനല്‍ ലൈനപ്പ് ഇങ്ങനെ. മേല്‍പ്പാടം (പള്ളാത്തുരുത്തി ബോട്ട് ക്ലബ് ട്രാക്ക് 1) , നിരണം (നിരണം ബോട്ട് ക്ലബ് ട്രാക്ക് 2) , നടുഭാഗം (പുന്നമട ബോട്ട് ക്ലബ് ട്രാക്ക് 3) , വീയപുരം (കൈനകരി വില്ലേജ് ബോട്ട് ക്ലബ് ട്രാക്ക് 4)

ഫൈനലിന് മുന്നോടിയായി വിവാദങ്ങളും തലപൊക്കി. ഫൈനലില്‍ പ്രവേശിച്ച നടുഭാഗം ചുണ്ടനില്‍ അന്യസംസ്ഥാനത്തുനിന്നുള്ള തുഴച്ചില്‍ക്കാര്‍ കൂടുതലാണെന്ന് ആരോപിച്ച് യു.ബി.സി.യും പി.ബി.സി.യും സംഘാടകര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

ഉച്ചയ്ക്ക് രണ്ടുമണിയോടെ ആരംഭിച്ച ചുണ്ടന്‍ വള്ളങ്ങളുടെ പ്രാഥമിക മത്സരങ്ങള്‍ക്ക് ശേഷം വൈകുന്നേരം അഞ്ചരയോടെ ഫൈനല്‍ മത്സരം നടക്കും. കൃത്യമായ സ്റ്റാര്‍ട്ടിങ്ങും ഫിനിഷിങ്ങും ഉറപ്പാക്കുന്നതിനായി ഇത്തവണ വെര്‍ച്വല്‍ ലൈനോടുകൂടിയ ഫിനിഷിംഗ് സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ഇത് ഫലപ്രഖ്യാപനത്തെക്കുറിച്ചുള്ള പരാതികള്‍ ഒഴിവാക്കാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ.

21 ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പെടെ ആകെ 75 വള്ളങ്ങളാണ് ഇത്തവണത്തെ നെഹ്‌റു ട്രോഫിയില്‍ മാറ്റുരയ്ക്കുന്നത്. നിലവിലെ ജേതാക്കളായ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന് മേല്‍പ്പാടം ചുണ്ടനില്‍ ഇത്തവണ ജയിക്കാനായാല്‍ അത് ഡബിള്‍ ഹാട്രിക് നേട്ടമാകും. കഴിഞ്ഞ തവണ നേരിയ വ്യത്യാസത്തില്‍ ട്രോഫി നഷ്ടപ്പെട്ട വില്ലേജ് ബോട്ട് ക്ലബ് കൈനകരി ഇത്തവണ വീയപുരം ചുണ്ടനിലാണ് തുഴയുന്നത്. വിവിധ ജില്ലകളില്‍ നിന്നായി ആയിരക്കണക്കിന് ജനങ്ങളാണ് ഈ ജലമേളയ്ക്ക് സാക്ഷ്യം വഹിക്കാന്‍ പുന്നമടക്കായലിന്റെ തീരത്ത് തടിച്ചുകൂടിയിരിക്കുന്നത്.