തിരുവനന്തപുരം : ആറ്റിങ്ങൽ ജനതയുടെ ചിരകാല അഭിലാഷമായ ആറ്റിങ്ങൽ ബൈപ്പാസ് യാഥാർത്ഥ്യമാകുന്നുവെന്ന് അടൂർ പ്രകാശ് എം.പി. കടമ്പാട്ടുകോണം മുതൽ കഴക്കൂട്ടം വരെയുള്ള 30.08 കിലോമീറ്റർ ദൈർഘ്യമുള്ള ദേശീയ പാതാ നിർമ്മാണവുമായി ബന്ധപ്പെട്ട് മണമ്പൂരിയിൽ നിന്നും തുടങ്ങി മാമത്ത് അവസാനിക്കുന്ന ആറ്റിങ്ങൽ ബൈപ്പാസിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട അന്തിമ വിജ്ഞാപനമായ 3D നോട്ടിഫിക്കേഷൻ ഇറങ്ങിയതായി അടൂർ പ്രകാശ് എം. പി അറിയിച്ചു. 2019 ലെ പാർലമെൻറ് തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നു ആറ്റിങ്ങൽ ബൈപ്പാസ് നിർമാണം. അന്തിമവിജ്ഞാപനം ആയതോടെ ബൈപ്പാസ് നിർമ്മാണവുമായി ബന്ധപ്പെട്ട എല്ലാ തടസങ്ങളും നീങ്ങിയതായും നിർമ്മാണ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാമെന്നും അടൂർ പ്രകാശ് എം.പി അറിയിച്ചു.
3A നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ച് പരാതികൾ കേൾക്കുകയും പരമാവധി പരാതികൾ പരിഹരിക്കുകയും ചെയ്തിരുന്നു. ബൈപ്പാസിന്റെ നിർമ്മാണ അലൈൻമെന്റുമായി ബന്ധപ്പെട്ട് കൊല്ലമ്പുഴ ക്ഷേത്രവുമായി ബന്ധപ്പെട്ട പരാതിയിന്മേൽ കോടതി നിർദ്ദേശപ്രകാരം സ്ഥലം സന്ദർശിച്ച ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ ഉദ്യോഗസ്ഥർ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുകയും ഉണ്ടായി. ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന അന്തിമ വിജ്ഞാപനമായ 3D നോട്ടിഫിക്കേഷനിൽ ഈ പരാതിയുമായി ബന്ധപ്പെട്ട മേഖല ഒഴിവാക്കിയാണ് വിജ്ഞാപനം ഇറക്കിയിരിക്കുന്നത്. കോടതിയിൽ സമർപ്പിച്ചിരിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോടതി നിർദേശപ്രകാരം ഈ സ്ഥലവുമായി ബന്ധപ്പെട്ട നോട്ടിഫിക്കേഷൻ പിന്നീട് ഇറക്കുമെന്നും ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ പ്രോജക്ട് ഡയറക്ടർ അറിയിച്ചതായി അടൂർ പ്രകാശ് എം. പി പറഞ്ഞു.
ആറ്റിങ്ങൽ ബൈപാസ്സുമായി ബന്ധപ്പെട്ട് മുൻ എം.പി യുടെ കാലഘട്ടത്തിൽ 3A നോട്ടിഫിക്കേഷൻ മൂന്ന് തവണ വന്നിരുന്നുവെങ്കിലും നടപടികൾ പൂർത്തീകരിക്കുവാനോ അന്തിമവിജ്ഞാപനമായ 3D നോട്ടിഫിക്കേഷനിലേക്ക് കടക്കുവാനോ കഴിഞ്ഞിരുന്നില്ല. അടൂർ പ്രകാശ് ആറ്റിങ്ങൽ പാർലമെന്റ് അംഗമായി വന്നതിനുശേഷമാണ് 3A നോട്ടിഫിക്കേഷൻ വീണ്ടും ഇറക്കുന്നതിനും അന്തിമവിജ്ഞാപനം ആയ 3D നോട്ടിഫിക്കേഷൻ ഇറക്കുന്നതിനായി പാർലമെന്റിലും കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രാലയത്തിലും തുടരെത്തുടരെ ഉണ്ടായ ഇടപെടലുകളാണ് ഈ അന്തിമ വിജ്ഞാപനം ഇറക്കുന്ന അവസ്ഥയിലേക്ക് എത്തിക്കുവാൻ കഴിഞ്ഞത്.
2019 ലെ പാർലമെന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ ഒരു വാഗ്ദാനമാണ് ഇതോടെ പ്രാവർത്തികമാക്കുവാൻ പോകുന്നത്. ആറ്റിങ്ങൽ ബൈപ്പാസ് യാഥാർത്ഥ്യമാകുന്നതോടെ ആറ്റിങ്ങൽ പട്ടണത്തിലെ ഗതാഗതക്കുരുക്കുമായി ബന്ധപ്പെട്ട 90% ബുദ്ധിമുട്ടുകളും പരിഹരിക്കാൻ കഴിയുമെന്നും നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതോടെ വടക്കൻ ജില്ലകളിൽ നിന്നും തലസ്ഥാനനഗരിയിലേക്ക് ഉള്ള യാത്ര ഗതാഗതക്കുരുക്കിൽപ്പെടാതെ പെട്ടെന്ന് എത്തിച്ചേരുന്നതിനും അതുവഴി സമയലാഭം ഉണ്ടാകുമെന്നും അടൂർ പ്രകാശ് എം.പി അറിയിച്ചു. അന്തിമവിജ്ഞാപനം ആയതോടെ ബൈപ്പാസ് നിർമാണ പ്രവർത്തനങ്ങൾ വേഗത്തിൽ ആക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നും അടൂർ പ്രകാശ് എം.പി അറിയിച്ചു.